ചെന്നൈ : തമിഴ്‌നാട്ടിൽ പുതുതായി രൂപവത്കരിച്ച ഒമ്പതുജില്ലകളിൽ സെപ്റ്റംബർ 15-നകം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. തദ്ദേശ തിരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വോട്ടെടുപ്പ് പൂർത്തിയാക്കി സെപ്റ്റംബർ 15-നകം ഫലം പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരവ് ലംഘിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകി.

2019 ഡിസംബർ 11-ലെ സുപ്രീംകോടതി ഉത്തരവിൽ നാലുമാസമാണ് തിരഞ്ഞെടുപ്പിന് സമയം അനുവദിച്ചത്. എന്നാൽ 18 മാസമെടുത്തിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചില്ല. തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2018-19-ൽ കാലഹരണപ്പെട്ടു. അതിനുശേഷം കാലമിത്രയായിട്ടും പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻഗണന നൽകിയതിനാലാണ് 2019-ലെ ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതെന്നും തുടർന്ന് പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ പി.എസ്. നരസിംഹ കോടതിയെ ബോധിപ്പിച്ചു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്ത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും സംസ്ഥാന കമ്മി‌ഷനാണെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ സാവകാശം അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ കോവിഡ് എല്ലാ കാര്യങ്ങളിലും ഒഴികഴിവായി മാറിയിട്ടുണ്ടെന്നും സെപ്റ്റംബർ 15-നകം തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി ആവർത്തിച്ചു താക്കീതുനൽകി.

ഡി.എം.കെ. നൽകിയ ഹർജിയെത്തുടർന്ന് 1991-ലെ സെൻസസിന് പകരം 2011-ലെ സെൻസസ് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന് 2019 ഡിസംബറിൽ സുപ്രീംകോടതി സംസ്ഥാനസർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകിയിരുന്നു.  ഉത്തരവ് ലംഘിച്ചാൽ കോടതിയലക്ഷ്യനടപടി