ചെന്നൈ : കേന്ദ്രസർക്കാർ കൊണ്ടുവരുന്ന തുറമുഖ ബില്ലിനെതിരേ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. ഇന്ത്യൻ തുറമുഖ കരടുബിൽ 2021-ലെ വ്യവസ്ഥകൾ ചെറുകിട തുറമുഖങ്ങൾക്കുമേലുള്ള സംസ്ഥാനസർക്കാരുകളുടെ അധികാരം കവരുന്നതാണെന്നാണ് സ്റ്റാലിന്റെ ആരോപണം. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക, ആന്ധ്ര, ഒഡിഷ, ബംഗാൾ, പുതുച്ചേരി തുടങ്ങിയ തീരദേശസംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്കാണ് ഇതിനെതിരേ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.

നിലവിലുള്ള, തുറമുഖനിയമം-1908 പ്രകാരം ചെറുകിട തുറമുഖങ്ങളുടെ നിയന്ത്രണം, വികസനം തുടങ്ങിയവ സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലാണ്. എന്നാൽ, പുതിയ നിയമം വരുമ്പോൾ സംസ്ഥാന സർക്കാരുകളുടെ അധികാരം നഷ്ടമാകും. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ പലതും മാരിടൈം സ്റ്റേറ്റ് ഡവലപ്‌മെന്റ് കൗൺസിലി(എം.എസ്.ഡി.സി.)ന് കൈമാറപ്പെടും. പുതിയ ബിൽ പാസാകുന്നതോടെ ചെറുകിട തുറമുഖങ്ങൾക്കുമേൽ സംസ്ഥാനങ്ങൾക്ക് കാര്യമായി അധികാരമുണ്ടാകില്ല. ബില്ലിനെതിരായ നിലപാട് തമിഴ്‌നാട് സർക്കാർ കേന്ദ്ര തുറമുഖവകുപ്പിനെ അറിയിച്ചിട്ടുണ്ട്. തീരദേശ സംസ്ഥാനങ്ങൾ എല്ലാവരും ഈ വിഷയത്തിൽ ഒന്നിക്കണമെന്നും വ്യാഴാഴ്ച കേന്ദ്രം വിളിച്ചുചേർക്കുന്ന എം.എസ്.ഡി.സി. യോഗത്തിൽ എതിർപ്പ് അറിയിക്കണമെന്നും സ്റ്റാലിൻ കത്തിൽ അഭ്യർഥിച്ചു.