പുതുച്ചേരി : നാലരവർഷംമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് വി. നാരായണസാമിയായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിച്ചത് പി.സി.സി. അധ്യക്ഷൻ എ. നമശിവായവും മുൻ മുഖ്യമന്ത്രി വി. വൈദ്യലിംഗവുമൊക്കെയായിരുന്നു. എന്നാൽ ഇവരെ മറികടന്ന് മുഖ്യമന്ത്രിയായത് നിയമസഭാംഗം പോലുമല്ലാതിരുന്ന നാരായണസാമിയായിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിലുണ്ടായിരുന്ന സ്വാധീനം തുണയ്ക്കുകയായിരുന്നു. അന്ന് വിശ്വസ്തരായി കൂടെയുണ്ടായവർ പാളയംവിട്ടതോടെ ഇപ്പോൾ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് നാരായണസാമി.
എൻ.ആർ. കോൺഗ്രസ് സർക്കാർ പുതിച്ചേരിയിൽ അധികാരത്തിലിരുന്ന 2011-16 കാലഘട്ടത്തിൽ നാരായണസാമി സംസ്ഥാനരാഷ്ട്രീയത്തിൽ അത്ര സജീവമായിരുന്നില്ല. യു.പി.എ. സർക്കാരിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന നാരായണസാമിയുടെ തട്ടകം ഡൽഹിയായിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏക മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടതിനുശേഷവും സംസ്ഥാനത്ത് അത്ര സജീവമായിരുന്നില്ല. ഇതേസമയം അടുത്ത മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നമശിവായം പുതുച്ചേരിയിൽ കോൺഗ്രസിന്റെ മുഖമായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്ന നമശിവായത്തിന് മന്ത്രിസഭയിലെ രണ്ടാംസ്ഥാനം നൽകി അനുനയിപ്പിച്ചു. വൈദ്യലിംഗത്തിന് സ്പീക്കർസ്ഥാനം ലഭിച്ചു. നാരായണസ്വാമിയുടെ വിശ്വസ്തനായിരുന്ന ജോൺകുമാർ നെല്ലിത്തോപ്പ് എം.എൽ.എ. സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിക്ക് മത്സരിക്കാൻ സൗകര്യമൊരുക്കി. ഉപതിരഞ്ഞെടുപ്പിൽ മികച്ചഭൂരിപക്ഷത്തിൽ നാരായണസാമി വിജയിച്ചു. പിന്നീട് വൈദ്യലിംഗം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന കാമരാജ് നഗർ മണ്ഡലത്തിൽ ജോൺകുമാറിന് സീറ്റ് നൽകി.
നാരായണസാമിയുടെ മറ്റൊരു വിശ്വസ്തനായ ലക്ഷ്മിനാരായണന് മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി സ്ഥാനം ലഭിച്ചു. മല്ലാഡി കൃഷ്ണറാവുവിന് ആരോഗ്യമന്ത്രി സ്ഥാനവും നൽകി ഒപ്പം നിർത്തുകയായിരുന്നു. ഇതിൽ ഇപ്പോൾ വൈദ്യലിംഗം മാത്രമാണ് ഒപ്പമുള്ളത്. നമശിവായത്തിന് പിന്നാലെ ജോൺകുമാറും മല്ലാഡി കൃഷ്ണറാവും ഏറ്റവും അവസാനം ലക്ഷ്മിനാരായണനും എം.എൽ.എ. സ്ഥാനം രാജിവെക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാര്യമായ ഉത്തരവാദിത്വമില്ലാതിരുന്ന നാരായണസാമിയുടെ ചുമലിലാണ് ഇത്തവണ പ്രചാരണത്തിന്റെ ഭാരംമുഴുവൻ. പാർട്ടിയെപോലെത്തന്നെ നാരായണസാമിയുടെ ഭാവിയും വരുന്ന തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.
ലക്ഷ്മിനാരായണനെ പുറത്താക്കി
ചെന്നൈ : പുതുച്ചേരി എം.എൽ.എ. സ്ഥാനം രാജിവെച്ച ലക്ഷ്മിനാരായണനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ലക്ഷ്മിനാരായണനെ നീക്കിയതായി പി.സി.സി. അധ്യക്ഷൻ എ.വി. സുബ്രഹ്മണ്യൻ അറിയിച്ചു.
ലക്ഷ്മിനാരായണന് ഒപ്പം കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച എം.എൽ.എ. കെ. വെങ്കിടേശനെ ഡി.എം.കെ. സസ്പെൻഡ് ചെയ്തിട്ടുണ്ട്.