ചെന്നൈ : പ്രേതബാധയുടെ പേരിൽ വീട്ടുകാർ മന്ത്രവാദത്തിനിരയാക്കിയ ടൈഫോയ്ഡ് ബാധിച്ച യുവതി ചികിത്സലഭിക്കാതെ മരിച്ചു. രാമനാഥപുരം ജില്ലയിലെ ഉച്ചിപ്പുളിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വീരസെൽവത്തിന്റെ മകൾ ധാരണിയാണ് (19) മരിച്ചത്.
സ്വകാര്യ കോളേജിൽ ബിരുദവിദ്യാർഥിയായിരുന്നു. അമ്മ മരിച്ച യുവതിക്ക് ഒരു സഹോദരനുണ്ട്. ഒമ്പതുവർഷംമുമ്പ് യുവതിയുടെ അമ്മ കവിത ജീവനൊടുക്കുകയായിരുന്നു.
ഇതേത്തുടർന്ന് വീട്ടിൽ അനിഷ്ടസംഭവങ്ങളുണ്ടാകുന്നുവെന്നാണ് വീരസെൽവം വിശ്വസിച്ചിരുന്നത്. ധാരണിക്ക് പനി ബാധിച്ചപ്പോൾ അമ്മയുടെ പ്രേതബാധ കൂടിയതാണെന്നുപറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയില്ല. പകരം ബാധയൊഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുക്കലേക്കാണ് പോയത്.
മന്ത്രവാദിയെക്കണ്ടിട്ടും അസുഖം കുറയാതെവന്നതോടെ അന്ധവിശ്വാസിയായ വീരസെൽവം മറ്റൊരു മന്ത്രവാദിനിയെ അഭയംപ്രാപിച്ചു. ബാധയൊഴിപ്പിക്കലെന്ന പേരിൽ അവർ പൂജനടത്തി യുവതിയെ ചൂരൽകൊണ്ടടിച്ചു. ഇതേത്തുടർന്ന് മയങ്ങിവീണ യുവതിക്ക് ബോധംതെളിയാതെവന്നതോടെ മന്ത്രവാദിനിയുടെ നിർദേശപ്രകാരമാണ് വീരസെൽവം മകളെ ആശുപത്രിയിൽ കൊണ്ടുപോയത്.
പരിശോധനയിൽ ടൈഫോയ്ഡ് കണ്ടെത്തിയെങ്കിലും മകളുമായി വീരസെൽവം വീട്ടിലേക്കുമടങ്ങുകയായിരുന്നു.
രാത്രി അസുഖംകൂടിയ യുവതിയെ ഉച്ചിപ്പുളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അടിയേറ്റ പാടുകൾകണ്ട് ഡോക്ടർമാർ അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് മന്ത്രവാദിയെക്കണ്ട കാര്യം മനസ്സിലായത്.
ആരെയും പോലീസ് പ്രതിചേർത്തിട്ടില്ല. അനാരോഗ്യംമൂലമുള്ള മരണമെന്നാണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്. യുവതിയുടെ അച്ഛനെയും മന്ത്രവാദികളെയും ചോദ്യംചെയ്തിരുന്നു. മൃതദേഹപരിശോധനാറിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റുനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.