ചെന്നൈ : കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിർത്തി ജില്ലകളിൽ തമിഴ്നാട് നിരീക്ഷണം ശക്തമാക്കി. വിമാനത്തിലെത്തുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരിൽ 74 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിൽ നിന്നുള്ളവരാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്.
അതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്ന് ഡയാലിസിസ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെന്നൈ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ ജില്ലകളിൽ ക്ലസ്റ്റർ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിലൂടെ വരുന്നവരെ തെർമൽ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്.
ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബ്രിട്ടനിൽ നിന്നെത്തിയ 36 യാത്രക്കാർക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ട 26 പേർക്കും കോവിഡ് ബാധിച്ചിരുന്നു.
ബ്രിട്ടനിൽ നിന്നെത്തിയ യാത്രക്കാരിൽ 11 പേർക്ക് വകഭേദം വന്ന കോവിഡായിരുന്നു ബാധിച്ചത്.
അഞ്ചു ജില്ലകളിൽ ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിക്കണമെന്നും രാധാകൃഷ്ണൻ നിർദേശിച്ചു.
മുഖാവരണം ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്താൻ പാടില്ല. തമിഴ്‌നാട്ടിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.9 ശതമാനമാണ്. കോവിഡ് ലക്ഷണമുള്ള എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാളിൽനിന്ന് കോവിഡ് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനാണ് ലക്ഷണമുള്ളവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണമുള്ളവർ പരിശോധന നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.