ചെന്നൈ : കൃഷ്ണഗിരിക്കടുത്ത് ഇരുചക്രവാഹനമിടിച്ച് കാൽനടയാത്രക്കാരനായ അഞ്ചുവയസ്സുകാരൻ മരിച്ചു. പാലക്കോടിനടുത്ത് കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം.
ധർമപുരിയിൽനിന്ന് പാലക്കോട്ട് ബന്ധുവീട്ടിലെത്തിയ പ്രഗദീഷാണ് (5) മരിച്ചത്. സ്വകാര്യ സ്കൂളിൽ യു.കെ.ജി. വിദ്യാർഥിയായിരുന്നു. ബന്ധുവീട്ടിൽനിന്ന് കടയിൽപ്പോകാനായി ഇറങ്ങിയ ബാലൻ റോഡിൽ നടന്നുപോകുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ ആദ്യം പാലക്കോട് സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.