ചെന്നൈ : ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഡി.എം.കെ. നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തി. ചെന്നൈയിൽ മൂന്നിടങ്ങളിലായി നടന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ പാർട്ടിപ്രവർത്തകർ പങ്കെടുത്തു.
ബി.ജെ.പി. അധികാരത്തിൽ വന്നശേഷം ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ് വരികയാണെങ്കിലും രാജ്യത്ത് പെട്രോൾവില വർധിച്ചുകൊണ്ടിക്കയായിരുന്നുവെന്നും ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. മധുരയിൽ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഡി.എം.കെ.യുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
എക്സൈസ് തീരുവ നിർബാധം കൂട്ടിയതിനെ തുടർന്നാണ് ആഗോളവിപണിയിൽ വില കുറയുമ്പോഴും ആഭ്യന്തരവിപണിയിൽ വിലകൂടിവന്നതെന്നും സ്റ്റാലിൻ പറഞ്ഞു. പെട്രോൾ വിൽപ്പനയുടെ കുത്തക ഏറ്റെടുത്തിരിക്കുന്ന കമ്പനികളുടെ ആസ്തി വർധിപ്പിക്കാനേ കേന്ദ്രസർക്കാരിന്റെ നടപടികളിലൂടെ കഴിഞ്ഞിട്ടുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നൈയിൽ ജില്ലാ കളക്‌ട്രേറ്റ്, സൈദാപ്പേട്ട, വള്ളുവർക്കോട്ടം എന്നിവിടങ്ങളിലാണ് ഡി.എം.കെ. നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയത്.
സൈദാപ്പേട്ടയിൽ കറുപ്പ് മുണ്ടുംഷർട്ടും അണിഞ്ഞ് സിലിണ്ടർ തലയിൽചുമന്ന് ഡി.എം.കെ. പ്രവർത്തകൻ പ്രക്ഷോഭത്തിൽ പങ്കെടുത്തു. ചെന്നൈ കളക്‌ട്രേറ്റിനു മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ കാളവണ്ടിയിൽ ഇരുചക്ര വാഹനങ്ങൾ കയറ്റിക്കൊണ്ടുവന്നു. വള്ളുവർകോട്ടത്ത് നടന്ന പ്രക്ഷോഭത്തിൽ കാളവണ്ടിയിൽ ഒട്ടോറിക്ഷ കയറ്റി അതിന് മുകളിൽ ഡീസൽ സിലിണ്ടർ കൊണ്ടുവന്നു. വണ്ടിയിൽ കയറിയ രണ്ടുപേർ ശംഖുവിളിക്കുകയും ചെയ്തു.
പ്രക്ഷോഭം ഡി.എം.കെ. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധിമാരൻ ഉദ്ഘാടനം ചെയ്തു.
സൈദാപ്പേട്ട ലിറ്റിൽ മൗണ്ട് ബസ്‌സ്റ്റോപ്പിനുസമീപം നടന്ന പ്രക്ഷോഭം ചെന്നൈ കോർപ്പറേഷൻ മുൻ മേയർ എം. സുബ്രഹ്മണ്യൻ നേതൃത്വംനൽകി. പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുഗൻ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു.
കളക്‌ട്രേറ്റിന് മുന്നിൽ നടന്ന പ്രക്ഷോഭം ചെന്നൈ ജില്ലാ സെക്രട്ടറി പി.കെ. ശേഖർ ബാബു എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു.