ചെന്നൈ : സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷി നേതാക്കൾ അനുശോചിച്ചു. ആശിഷ് യെയ്യൂരിയുടെ മരണത്തിൽ ദുഃഖം രേഖപ്പടുത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അച്ഛൻ എന്ന നിലയിൽ ഈ ദുഃഖം താങ്ങാനുള്ള ശക്തി സീതാറാം യെച്ചൂരിക്ക് കൈവരട്ടെയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആശിഷ് യെച്ചൂരിയുടെ വിയോഗത്തിൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും ട്വിറ്ററിലൂടെ അനുശോചനം നേർന്നു. ആശിഷ് യെച്ചൂരിയുടെ മരണ വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കിയെന്ന് സി.പി.എം. തമിഴ്‌നാട് ഘടകം സെക്രട്ടറി കെ. ബാലകൃഷ്ണൻ ട്വിറ്റ് ചെയ്തു. പ്രിയപ്പെട്ട കുടുംബാംഗത്തെ നഷ്ടപ്പെട്ടതിന്റെ വേദന ആശ്വാസവാക്കിന് അതീതമാണെന്ന് എം.ഡി.എം.കെ. നേതാവ് വൈക്കോ പറഞ്ഞു.

സീതാറാം യെച്ചൂരിക്ക് മകന്റെ വിയോഗം നികത്താനാവാത്ത നഷ്ടമായിരിക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി അനുശോചന സന്ദേശത്തിൽ അറിയിച്ചു. പി.എം.കെ. നേതാവ് ഡോ. എസ്. രാമദാസ് പാർട്ടി യുവജന വിഭാഗം പ്രസിഡന്റ് ഡോ. അൻപുമണി രാമദാസ്, മനിതനേയ മക്കൾ കക്ഷി നേതാവ് എം.എച്ച്. ജവഹറുള്ള എന്നിവരും അനുശോചിച്ചു.