ചെന്നൈ : ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പുവിജയമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് നടൻ പ്രകാശ്‌രാജ്. കേന്ദ്രത്തിന്റെ ഓക്സിജൻ വിതരണനയത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സർക്കാർ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാമെന്നതുമാത്രമാണ് ലക്ഷ്യം. കാഴ്ചപ്പാടുകളൊന്നുമില്ലാത്ത സർക്കാരിനെക്കുറിച്ച്‌ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും പ്രകാശ്‌രാജ് ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രത്തിന്റെ ഓക്സിജൻ വിതരണത്തെ ഡൽഹി ഹൈക്കോടതി വിമർശിച്ചതിനുപിന്നാലെയാണ് പ്രകാശ്‌രാജിന്റെ പ്രതികരണം.

ഓക്സിജൻ ക്ഷാമം നേരിടുമ്പോഴും വിദേശരാജ്യങ്ങളിലേക്ക് 9294 മെട്രിക് ടൺ ഓക്സിജൻ കേന്ദ്രം കയറ്റുമതിചെയ്തുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.