ചെന്നൈ : കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്യുന്നതിൽ കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. കോവിഡ്നിയന്ത്രണം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം ദയനീയമായി പരാജയമാണെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. വാക്സിൻ 150 രൂപ നിരക്കിൽ സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിൽനിന്ന് ഓക്സിജൻ ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും നൽകിയിട്ടുണ്ട്. അവിടെ ഓക്‌സിജൻ ആവശ്യമുണ്ടായിരിക്കും. പക്ഷേ തമിഴ്‌നാട്ടിന്റെ ആവശ്യകതകൂടി പരിഗണിച്ചായിരിക്കണം കേന്ദ്രസർക്കാർ തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്ത് വാക്സിനുകളുടെ കുറവുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 12.5 ശതമാനം വാക്സിനുകൾ പാഴായിപ്പോയത് എങ്ങനെയെന്ന് അധികൃതർ വിശദീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

കോവിഡിനെതിരേ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായാണ് പോരാടേണ്ടതെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്യുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്ന് എ.എം.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ ആരോപിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീനും കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചു. തമിഴ്നാട്ടിൽ കോവിഡ് രോഗികൾ പെരുകുകയാണ്. ഇത് നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസർക്കാർ സത്വരനടപടികൾ സ്വികരിക്കണം. സംസ്ഥാന ചീഫ് സെക്രട്ടറിയോടുപോലും ആലോചിക്കാതെ അയൽസംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകിയ കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും ഖാദർമൊയ്തീൻ പറഞ്ഞു.