ചെന്നൈ : കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള സംവിധാനത്തെക്കുറിച്ച് കളക്ടർമാർ വിശദീകരണം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ. വെല്ലൂരിൽ ഒക്സിജൻ ലഭിക്കാതെ ഏഴുപേർ മരിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാനായി ഏർപ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി കളക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതു ലഭിച്ചതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾനടപ്പാക്കാനാണ് തീരുമാനം.

ജില്ലകളിലെ കൺടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളെ കുറിച്ചും ചീഫ് സെക്രട്ടറി വിശദീകരണം തേടി. കൺടെയ്‌ൻമെന്റ് സോണുകളിൽ എല്ലാവരുടെയും സാംപിളുകൾ പരിശോധിക്കണം. ജനിതക മാറ്റംവന്ന വൈറസായതിനാൽ രോഗം അതിവേഗത്തിലാണ് പടരുന്നത്. സാംപിൾ പരിശോധന വർധിപ്പിക്കുന്നതിനോടപ്പം വാക്സിൻ കുത്തിവെപ്പും നടത്തണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി രാജീവ് രഞ്ജന്റെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണത്തിനായി നിയോഗിച്ച ആറ്് പേരടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് പ്രഖ്യാപിച്ച നടപടികൾ അവലോകനംചെയ്യാനും രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ നടപടികൾ സ്വീകരിക്കാനുമാണ് യോഗം ചേർന്നത്. നടപ്പാക്കിയ നടപടികൾ ഫലപ്രദമാണോയെന്നും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോയെന്നതുസംബന്ധിച്ചും ചർച്ചകൾ നടന്നു.

നിലവിൽ സംസ്ഥാനത്ത് 85,000 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗികളുടെ എണ്ണം ഇനിയും വർധിച്ചാൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കേണ്ടി വരുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, കോയമ്പത്തൂർ, മധുര, സേലം, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, തിരുപ്പൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ കോവിഡ് ബാധിതർ കൂടിവരികയാണ്. ഈ ജില്ലകളിൽ ആരോഗ്യ വിദഗ്ധരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.