ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരെ ചികിത്സിക്കാനാവശ്യമായ ഓക്സിജനും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നും പ്രതിരോധ വാക്സിനുകളുമുണ്ടെന്ന് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതർ വർധിക്കുന്നതിനിടയിൽ ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും ഓക്സിജൻ അയച്ച കേന്ദ്ര സർക്കാർ നടപടിയിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റീസ് സഞ്ജീവ് ബാനർജി, രാമമൂർത്തി സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണവും തേടിയിരുന്നു.

സംസ്ഥാനത്ത് പ്രതിദിന ഉപയോഗത്തിനായി 1167 ടൺ ഓക്സിജനുണ്ട്. സർക്കാർ ആശുപത്രികളിലായുള്ള 960 വെന്റിലേറ്ററുകളിൽ 578 എണ്ണം കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ 6000 വെന്റിലേറ്ററുകളിൽ 3000 എണ്ണം കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ജില്ലകൾ തിരിച്ചുള്ള വ്യക്തമായ കണക്കുകൾ സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ വാദം ഏപ്രിൽ 26-ന് കേൾക്കും.

തമിഴ്‌നാടിന്റെ അനുവാദംതേടാതെയാണ് ഓക്സിജൻ കേന്ദ്രസർക്കാർ മറ്റ് സംസ്ഥാനങ്ങളിലേക്ക്‌ അയച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തമിഴ്‌നാട്ടിൽ 84,361 പേർ ചികിത്സയിലുണ്ടെന്നിരിക്കെ, 45 മെട്രിക്ക് ടൺ ലിക്വിഡ് ഒക്സിജനാണ് മറ്റ് സംസ്ഥാനങ്ങൾക്കായി നൽകിയത്. ചെന്നൈക്ക്‌ സമീപം ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽനിന്നാണ്‌ ഓക്സിജൻ നൽകിയതെന്നും മന്ത്രി ആരോപിച്ചിരുന്നു. നിലവിൽ തമിഴ്‌നാടിന് 200 മെട്രിക്ക് ടൺ ഓക്സിജൻ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി വേണം. പ്രതിദിന ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. കോവിഡ് ബാധിതരിൽ കൂടുതലും ആശുപത്രിയിലെത്തുന്നത് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനുശേഷമാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനോട് എതിർപ്പില്ലെന്നും എന്നാൽ തമിഴ്‌നാടിന്റെ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും മന്ത്രി ഡോ. സി. വിജയഭാസ്കർ പറഞ്ഞു. 2020-ൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം തമിഴ്‌നാട്ടിൽ 58,000 പിന്നിട്ടപ്പോഴും മറ്റു സംസ്ഥാനങ്ങൾക്ക് ഒക്സിജൻ നൽകിയിരുന്നു.