ചെന്നൈ : കോയമ്പത്തൂരിലെ ഡി.എം.കെ. നേതാവ് സൂലൂർ എ. രാജേന്ദ്രനെക്കുറിച്ച് അപവാദപ്രചാരണം നടത്തിയെന്ന ഹർജിയിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് രാജേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിലാണ് നടപടി. ജസ്റ്റിസ് പാർഥിപനാണ് ഹർജി പരിഗണിച്ചത്.

കഴിഞ്ഞവർഷം മാർച്ചിൽ ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് തീവണ്ടിയാത്രയ്ക്കിടെ രാജേന്ദ്രൻ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുണ്ടായിരുന്നു. പ്രമേഹരോഗിയായ താൻ പെട്ടെന്ന് മുകളിലെ ബർത്തിൽനിന്ന് ഇറങ്ങിയപ്പോൾ താഴെയിരുന്ന വനിതയുടെ ദേഹത്ത് തട്ടിയതാണെന്നും അതു മനഃപൂർവമല്ലായിരുന്നെന്നും രാജേന്ദ്രൻ വിശദീകരണം നൽകിയിരുന്നു. ഇതേത്തുടർന്ന് നടപടി വേണ്ടെന്ന് പരാതിക്കാരി അറിയിക്കുകയും ചെയ്തു. എന്നാൽ, 15 ദിവസങ്ങൾക്ക് ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് പിന്നീട് കോടതി റദ്ദാക്കി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രി എസ്.പി. വേലുമണിയും പ്രചാരണം നടത്തിയെന്ന് രാജേന്ദ്രൻ പറയുന്നു. അതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിന്മേൽ മുഖ്യമന്ത്രിയോട് മറുപടിയാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി ജൂൺ പത്തിന് വീണ്ടും പരിഗണിക്കും.