ചെന്നൈ : സൗന്ദര്യവർധക ചികിത്സയിൽ പിഴവുണ്ടായെന്നാരോപിച്ച് നടി റൈസ വിൽസൻ. മുഖത്തെ പൊള്ളലേറ്റതുപോലെയുള്ള പാടിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ചികിത്സ നടത്തിയ ചെന്നൈയിലെ സ്വകാര്യ ക്ലിനിക്കിനെതിരേ നടി രംഗത്തെത്തിയത്. പലതവണ താൻ വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചാണ് മുഖത്ത് ചികിത്സ നടത്തിയതെന്നും നടി ആരോപിച്ചു. എന്നാൽ ഇതിനുപിന്നാലെ വിശദീകരണവുമായി ആരോപണവിധേയരായ ക്ലിനിക് അധികൃതർ രംഗത്തെത്തി. ചികിത്സയുടെ പാർശ്വഫലങ്ങളെക്കുറിച്ച് റൈസയെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും നടി ചികിത്സ തേടിയ സ്കിൻ ഹെൽത്ത് ഫൗണ്ടേഷൻ എന്ന ക്ലിനിക്കിലെ ഡോക്ടർ ഭൈരവി സെന്തിൽ പറഞ്ഞു. ഈ ചികിത്സയ്ക്കുമുമ്പ് പാർശ്വഫലങ്ങളെക്കുറിച്ച് അറിയിച്ച് രേഖാമൂലം അനുമതി വാങ്ങിയിരുന്നതാണ്. മെഡിക്കൽ നിർദേശങ്ങൾ ശരിയായി പിന്തുടർന്നില്ലെങ്കിൽ ചിലരിൽ മാത്രമാണ് പാർശ്വഫലങ്ങളുണ്ടാകുന്നത് -ക്ളിനിക് പ്രസ്താവനയിൽ പറഞ്ഞു.

നടിയുടെ ആരോപണം ക്ലിനിക്കിന്റെ സത്‌പേരിനെ ബാധിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും ഡോക്ടർ അറിയിച്ചു. മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ റൈസ വിൽസൺ പ്യാർ പ്രേമകാതൽ, വി.ഐ.പി. 2, വർമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായി.