ചെന്നൈ : 2018-ൽ നടന്ന തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധത്തിനു പിന്നിൽ വിരുദ്ധരാണെന്ന തന്റെ പരാമർശത്തിന് തെളിവുകളൊന്നും നിരത്താനില്ലെന്ന് സൂപ്പർതാരം -രജനീകാന്ത്. സ്റ്റെർലൈറ്റ് സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പിൽ പരിക്കേറ്റവരെ സന്ദർശിച്ചപ്പോഴാണ് അക്രമത്തിനുപിന്നിൽ സമൂഹവിരുദ്ധരാണെന്ന് രജനി അഭിപ്രായപ്പെട്ടത്. ഇതിനു തന്റെപക്കൽ തെളിവുണ്ടെന്നും രജനികാന്ത് പറഞ്ഞിരുന്നു. തൂത്തുക്കുടി വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് അരുണ ജഗദീശൻ കമ്മിഷന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്റെ പരാമർശത്തിൽനിന്ന് രജനി മലക്കംമറിഞ്ഞത്. അന്വേഷണകമ്മിഷൻ നൽകിയ ചോദ്യാവലിയിലാണ് രജനി മറുപടി നൽകിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുക മാത്രമാണ് താൻചെയ്തതതെന്നും സമൂഹവിരുദ്ധരാണ് അക്രമത്തിനുപിന്നിലെന്നു ശരിവെക്കുന്നതിന് തെളിവില്ലെന്നും രജനി കമ്മിഷനുമുമ്പാകെ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്താണ് താൻ പ്രസ്താവന നടത്തിയതെന്നും രജനീകാന്ത് സത്യവാങ്‌മൂലത്തിൽ പറയുന്നു. പരാമർശത്തിന്റെ പേരിൽ രജനീകാന്തിന് രണ്ടുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. 2018 മേയ് 22-നാണ് സ്റ്റെർലൈറ്റ് സമരാനുകൂലികൾക്കുനേരെ പോലീസ് വെടിവെപ്പ്‌ നടത്തിയത്. ഇതിൽ 13 പേർ മരിക്കുകയും നൂറിലധികംപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.