ചെന്നൈ : കൃഷ്ണഗിരി ജില്ലാകോടതി വളപ്പിൽ പോലീസുകാരൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. പൂന്തോട്ടം സ്വദേശിയായ പി. അൻപരശനാണ് (29) മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

ജില്ലാകോടതിയിലെ ജഡ്ജിയുടെ ഗൺമാനായിരുന്നു അൻപരശൻ. കഴിഞ്ഞദിവസം രാവിലെ കോടതി പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളിയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബണ്ടി ഗംഗാധറിന്റെ നേതൃത്വത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരുമെത്തി തെളിവുശേഖരിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അൻപരശൻ ജീവനൊടുക്കിയതാകാമെന്ന് പോലീസ് പറഞ്ഞു. കുറച്ചുമാസങ്ങൾക്ക് മുമ്പായിരുന്നു രായക്കോട്ട സ്വദേശിയായ അരുണ എന്ന യുവതിയുമായി അൻപരശന്റെ വിവാഹം. എന്നാൽ ദമ്പതിമാർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച അരുണ സ്വന്തം വീട്ടിലേക്ക് പോയി. ബുധനാഴ്ച പതിവുപോലെ ജോലിക്കുപോയ അൻപരശൻ വീട്ടിലേക്ക് തിരിച്ചുപോയില്ല. അതോടെ ബന്ധുക്കൾ പലയിടങ്ങളിലായി തേടിവരികയായിരുന്നു. അതിനിടയിലാണ് കോടതിവളപ്പിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൃഷ്ണഗിരി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച കോടതി പ്രവർത്തിക്കാനായില്ല. പോലീസുകാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരൊഴികെ പൊതുജനങ്ങളെയാരെയും കോടതി വളപ്പിലേക്ക് കടത്തിവിട്ടില്ല.