മുംബൈ : ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി ആവർത്തിച്ചുള്ള ഇടപാടുകൾക്ക് പുതിയ നിയന്ത്രണം വന്നത് ചെറുസംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും തിരിച്ചടിയാകുന്നു. മാസംതോറും വരിസംഖ്യ ഈടാക്കിവന്ന സംരംഭങ്ങൾക്കും സോഫ്റ്റ്‌വേർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കോർപ്പറേറ്റ് കാർഡ് വഴി പ്രതിഫലം നൽകിയിരുന്ന സ്റ്റാർട്ടപ്പുകൾക്കും ഇത് വലിയ തലവേദനയാവുകയാണ്. നിശ്ചിത ഇടവേളയിൽ കാർഡുകൾവഴി സംഭാവന പിരിച്ചിരുന്ന സന്നദ്ധസംഘടനകൾക്ക് അവരുടെ അംഗങ്ങൾക്കൊപ്പം വരുമാനവും നഷ്ടമാകുകയാണ്.

മാസംതോറുമുള്ള സംഭാവനയിൽ മുന്നോട്ടുപോയിരുന്ന ഡിജിറ്റൽ അവകാശസംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന് 70 ശതമാനം അംഗങ്ങളെയും നഷ്ടമായി. മൂന്നുവർഷമെടുത്ത് ഉണ്ടാക്കിയ സംവിധാനമാണ് തകർന്നതെന്ന് സംഘടന സൂചിപ്പിച്ചു. ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും അവരുപയോഗിക്കുന്ന സോഫ്റ്റ്‌വേർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് മാസംതോറും കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് വഴിയാണ് പണം നൽകിയിരുന്നത്. പല ബാങ്കുകളും ആർ.ബി.ഐ. മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ചവരുത്തിയതോടെ ഈ ഇടപാടുകൾ തടസ്സപ്പെട്ടു.

ചില വലിയ ബാങ്കുകളൊഴികെ മിക്ക ബാങ്കുകളും ഇനിയും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ചെറിയ ബാങ്കുകളുടെ കാര്യത്തിൽ സ്ഥിതി രൂക്ഷമാണ്. പേമെന്റ് കമ്പനികളുമായി ചേർന്ന് മാറ്റങ്ങൾ പരീക്ഷിക്കാൻ ഇവർക്ക് സമയവും ലഭിച്ചിട്ടില്ല. വിദേശ വ്യാപാരികളുമായുള്ള ആവർത്തിച്ചുവരുന്ന ഇടപാടുകൾ 60മുതൽ 70ശതമാനം വരെ തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്.