ചെന്നൈ : കോവിഡ് വ്യാപനത്തിന് ശേഷം സാമ്പത്തികമേഖല തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ആഡംബര ഫ്ളാറ്റുകൾക്ക് ആവശ്യക്കാർ ഏറെയില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ആഡംബര ഫ്ളാറ്റുകളുടെ വിൽപ്പന പത്ത് ശതമാനത്തോളം കുറവാണ്. സാധാരണമായി ഫ്ളാറ്റ് വിൽപ്പന ഏറെ നടക്കുന്നത് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലാണ്. നടപ്പുസാമ്പത്തിക വർഷംമൂന്നാം പാദത്തിലെത്തി നിൽക്കുമ്പോഴും വിൽപ്പന ചൂട് പിടിച്ചിട്ടില്ല.

രണ്ട് കിടപ്പ് മുറികൾ മാത്രമുളള ഫ്ളാറ്റുകളുടെ ഡിമാന്റ് കുറഞ്ഞിട്ടില്ല. 40 ലക്ഷം രൂപ വരെ വിലയുള്ള രണ്ട് കിടപ്പ് മുറികളുള്ള ഫ്ള്ാറ്റുകളാണ് വിൽപ്പന നടത്തുന്നത്. 40 ലക്ഷം വരെ വിലമതിക്കുന്ന ഫ്ളാറ്റുകൾ ആവശ്യത്തിന് ലഭിക്കാനുമില്ല. പോരൂർ,സിറുശ്ശേരി,തിരുവള്ളൂർ, പള്ളിക്കരണൈ, ഈസ്റ്റ് താംബരം എന്നിവിടങ്ങളിലാണ് 40 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിൽ വിലമതിക്കുന്ന ഫ്ളാറ്റുകളുള്ളത്. അതേ സമയം വ്യവസായ മേഖലയായ ഒറഗഡം,ശ്രീപെരുമ്പത്തൂർ,ഗിണ്ടി,അമ്പത്തൂർ മേഖലകളിൽ മൂന്നും നാലും കിടപ്പുമുറികളുള്ള ആഡംബര ഫ്ളാറ്റുകളാണ് ഏറെയും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒരു ലക്ഷം ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയാകും. 45 ലക്ഷം രൂപവരെ വിലയുള്ള ഫ്ളാറ്റുകളാണ് നിർമാണം പൂർത്തിയാക്കുന്നവയിൽ ഏറെയും. രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പാതകളുടെ സമീപങ്ങളിലാണ് ഫ്ളാറ്റുകൾ ഏറെയും ഉയരുന്നത്.