ചെന്നൈ : നഗരത്തിലെ അമ്മ ഉണവകങ്ങളിൽ വീണ്ടും ചപ്പാത്തി നൽകാൻ നടപടി. കഴിഞ്ഞ പത്ത് ദിവസമായി ചപ്പാത്തിയ്ക്ക് പകരം തക്കാളി സാദമായിരുന്നു നൽകിവന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത വന്നതോടെ വിശദീകരണവുമായി ചെന്നൈ കോർപ്പറേഷൻ അധികൃതർ എത്തുകയായിരുന്നു.

ഗോതമ്പ് വിതരണം ചെയ്യുന്ന കമ്പനിയിലെ യന്ത്രത്തകരാറിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ചപ്പാത്തി നൽകാൻ സാധിക്കാതെ വന്നതെന്നാണ് വിശദീകരണം. കമ്പനിയിലെ തകരാർ പരിഹരിച്ചുവെന്നും ഗോതമ്പ് ലഭിച്ച് തുടങ്ങിയതിനാൽ മിക്ക ഉണവകങ്ങളും ചപ്പാത്തി ലഭ്യമാണെന്നും അറിയിച്ചു. രാത്രി ഭക്ഷണമായിട്ടായിരുന്നു അമ്മ ഉണവകങ്ങളിൽ ചപ്പാത്തിയും കുറുമയും നൽകിയിരുന്നത്. മുന്നറിയിപ്പില്ലാതെയാണ് ഇത് നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നായിരുന്നു ലഭിച്ചവിവരം. എന്നാൽ ചപ്പാത്തി ഒഴിവാക്കിയില്ലെന്നും ഗോതമ്പ് വിതരണത്തിൽ നേരിട്ട പ്രശ്നമാണ് താത്കാലികമായി ചപ്പാത്തി നിർത്തിവെച്ചതിലേക്ക് നയിച്ചതെന്നും കോർപ്പറേഷൻ പുറത്തിറക്കിയപത്രക്കുറിപ്പിൽ വിശദീകരിക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്നതിനായി ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ 2013-ലാണ് അമ്മ ഉണവകം ആരംഭിച്ചത്. നിലവിൽ ചെന്നൈ നഗരത്തിൽ 407 അമ്മ ഉണവകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷവും പദ്ധതി തുടരാൻ തീരുമാനിക്കുകയായിരുന്നു. അമ്മ എന്നത് ജയലളിതയുടെ വിശേഷണമായതിനാൽ പേര് മാറ്റുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുവേണ്ടെയെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തീരുമാനം.