ചെന്നൈ : കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യം സംസ്ഥാന സെക്രട്ടറി കമീലനാസറിനെ പാർട്ടിയിൽനിന്നു പുറത്താക്കി. നടൻ നാസറിന്റെ ഭാര്യയായ കമീല മക്കൾ നീതിമയ്യത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. കഴിഞ്ഞ ദിവസം പാർട്ടി പദവികളിൽനിന്ന് രാജിവെച്ചിരുന്നു. തുടർന്ന് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന്‌ നീക്കിയതായി ജനറൽ സെക്രട്ടറി ഡോ. സന്തോഷ് ബാബു അറിയിക്കുകയായിരുന്നു.

വ്യക്തിപരമായ കാരണത്താലാണ് കമീല പാർട്ടി പദവികളൊഴിഞ്ഞതെന്നാണ് സന്തോഷ് ബാബു മാധ്യമങ്ങളെ അറിയിച്ചത്. കൂടുതൽ വിശദീകരിക്കാൻ മക്കൾ നീതിമയ്യം വൃത്തങ്ങൾ തയ്യാറായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ സെൻട്രലിൽ മക്കൾ നീതിമയ്യം സ്ഥാനാർഥിയായി മത്സരിച്ച കമീല മൂന്നാംസ്ഥാനത്തായിരുന്നുവെങ്കിലും ഒരു ലക്ഷത്തിനടുത്ത് വോട്ടുനേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല.