ചെന്നൈ : പാരിസ്ഥിതികപ്രശ്നങ്ങളെത്തുടർന്ന് പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് മെഡിക്കൽ ഓക്സിജൻ ഉത്പാദനത്തിനായി തുറക്കാൻ അനുമതിതേടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയിൽ ഹർജി നൽകി. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമംനേരിടുന്ന പശ്ചാത്തലത്തിൽ പ്ലാന്റ് തുറക്കാൻ അനുമതിനൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഓക്സിജൻ ഉത്പാദനത്തിനുവേണ്ടിമാത്രമാണ് അനുമതി തേടിയത്.

പ്രതിദിനം 1050 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഉത്പാദനശേഷിയുള്ള രണ്ട് പ്ലാന്റുകൾ സ്റ്റെർലൈറ്റിലുണ്ട്. തുറക്കാൻ അനുവദിച്ചാൽ പ്രതിദിനം 500 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ക്രമീകരണം കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും വേദാന്ത സി.ഇ.ഒ. പങ്കജ് കുമാർ കത്തയച്ചിരുന്നു.

സ്റ്റെർലൈറ്റിൽ പ്രവർത്തനം തുടങ്ങിയാൽ തമിഴ്‌നാടിനുകൂടാതെ മറ്റുസംസ്ഥാനങ്ങളിലേക്കും മെഡിക്കൽ ഓക്സിജൻ നൽകാനാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

ഓക്സിജൻ ഉത്പാദനത്തിന് വ്യവസായശാലകൾക്ക് താത്കാലിക അനുമതി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, സ്റ്റെർലൈറ്റിന് അനുമതി നൽകിയിരുന്നില്ല.

സ്റ്റെർലൈറ്റ് പ്ലാന്റിലെ ചെമ്പ് സംസ്കരണപ്രവർത്തനങ്ങൾ പാരിസ്ഥിതികപ്രശ്നങ്ങൾക്കും സമീപവാസികൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നാണ് ആരോപണം. പ്ളാന്റിനെതിരേ 2018 മേയിൽ നടത്തിയ പ്രതിഷേധമാർച്ചിനുനേരെ പോലീസ് നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുകയും ഫാക്ടറി പൂട്ടാൻ തമിഴ്‌നാട് സർക്കാർ നടപടിയെടുക്കുകയുമായിരുന്നു. മൂന്നുവർഷമായി പ്രവർത്തനം നിലച്ച ഫാക്ടറി തുറക്കുന്നതിന് വേദാന്തഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേയാണ് ഇപ്പോൾ ഇടക്കാല ഹർജി നൽകിയത്.