ചെന്നൈ : മധുരയിൽ കൃഷിയിടത്തിൽനിന്ന് കണ്ടെത്തിയ 500 വർഷം പഴക്കമുള്ള ശില്പത്തിന് മലയാളഭാഷയും സംസ്കാരവുമായി ബന്ധമുണ്ടെന്ന് വിലയിരുത്തൽ. മധുരയിലെ തിരുപരൻകുൻട്രത്തിൽ നിന്ന് കണ്ടെത്തിയ ശില്പത്തിലാണ് പുരാതന ഗ്രന്ഥലിപിയിലുള്ള ലിഖിതങ്ങളുള്ളത്. മലയാള ലിപിയുടെ ഉദ്‌ഭവം ഗ്രന്ഥലിപിയിൽനിന്നാണെന്ന് കരുതപ്പെടുന്നതിനാൽ ഈ ശില്പത്തിനും കേരള സംസ്കാരവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് തമിഴ്‌നാട് പുരാവസ്തുവകുപ്പ് അധികൃതർ പറഞ്ഞു.

തമിഴ്‌നാടിന്റെ തെക്കൻ ഭാഗത്തുള്ള മധുര, കേരളത്തോട് അടുത്തായത് ശില്പത്തിന്റെ മലയാള ബന്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നാലടി ഉയരവും രണ്ടടി വീതിയുമുള്ള ശില്പമാണ് കണ്ടെത്തിയത്.

ഗോപാലകൃഷ്ണന്റെ മകൻ എന്ന് അർഥംവരുന്ന വാക്കുകളും താമം എന്ന വാക്കും ഇതിൽനിന്ന് വായിച്ചെടുത്തെങ്കിലും ബാക്കിഭാഗങ്ങൾ വ്യക്തമല്ല. ഇതിനുമുമ്പ് തിരുനെൽവേലിയിലും ശിവഗംഗയിലും നടത്തുന്ന ഉത്ഖനനങ്ങളിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ പര്യവേക്ഷണം നടത്താൻ തമിഴ്‌നാട് ഒരുങ്ങുമ്പോഴാണ് മധുരയിലെ പുതിയ കണ്ടെത്തൽ.

കേരളത്തിൽ വടക്കൻ പറവൂരിനടുത്തുള്ള പട്ടണത്ത് പര്യവേക്ഷണം നടത്താൻ തമിഴ്‌നാടിന് എല്ലാ സഹകരണങ്ങളും നൽകുമെന്ന് കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ചർച്ചയിൽ കേരള പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിലാണ് ഇവിടെ പര്യവേക്ഷണം നടത്തുന്നത്.