ചെന്നൈ : തമിഴ്‌നാട്ടിലെ പ്രൊഫഷണൽ കോഴ്‌സുകളിൽ സംവരണംവഴി പ്രവേശനം നേടിയ സർക്കാർസ്കൂളിൽ പഠിച്ച വിദ്യാർഥികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. സർക്കാർസ്കൂളിൽ പഠിച്ച വിദ്യാർഥികൾക്ക് 7.5 ശതമാനമാണ് സർക്കാർ സംവരണം.

പുതിയ അധ്യയനവർഷം എൻജിനിയറിങ് കോഴ്‌സുകളിൽ ചേരുന്ന 1000-ത്തോളം വിദ്യാർഥികൾക്കും കൃഷി, ഫിഷറീസ്, നിയമപഠനം തുടങ്ങി മറ്റു പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന 350-ഓളം വിദ്യാർഥികൾക്കും സർക്കാർ തീരുമാനം പ്രയോജനം ചെയ്യും.

അണ്ണാ സർവകലാശാലയിൽ സംവരണപ്രകാരം എൻജിനിയറിങ് സീറ്റുനേടിയവർക്കുള്ള പ്രവേശന ഉത്തരവ് വിതരണം ചെയ്തശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്.

ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവേശന കൗൺസലിങ്ങും സൗജന്യമാണ്. കൗൺസലിങ് ഫീസായി വിദ്യാർഥികളിൽനിന്ന് ഈടാക്കിയ തുക തിരിച്ചുനൽകുമെന്ന് അണ്ണാ സർവകലാശാല അറിയിച്ചു.

നന്നായി പഠിച്ച് കുടുംബത്തെയും ഗ്രാമത്തെയും മുന്നേറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അണ്ണാ സർവകലാശാലയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. പൊൻമുടി, അൻപിൽ മഹേഷ് പൊയ്യാമൊഴി, എം. സുബ്രഹ്മണ്യൻ എന്നിവരും വിദ്യാഭ്യാസവകുപ്പ് അധികൃതരും പങ്കെടുത്തു.

7.5 ശതമാനം സംവരണം

പ്രൊഫഷണൽ കോഴ്‌സിൽ ചേരുന്ന സർക്കാർ സ്കൂൾ വിദ്യാർഥികളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയതോടെ ഈ വർഷം മുതലാണ് 7.5 ശതമാനം സീറ്റ്‌ സംവരണം ഏർപ്പെടുത്തിയത്. ആറാം ക്ലാസ് മുതൽ പ്ലസ്ടുവരെ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്കാണ് സംവരണം ലഭിക്കുക. മെഡിക്കൽ പ്രവേശനത്തിലും സർക്കാർ സ്കൂളിൽ പഠിച്ച നീറ്റ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം 7.5 ശതമാനം സംവരണമേർപ്പെടുത്തിയിരുന്നു.