ചെന്നൈ : മാലിന്യനീക്കത്തിന് യന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ ചെന്നൈ കോർപ്പറേഷൻ തീരുമാനിച്ചു. നഗരത്തിൽ അഴുക്കുചാലിലെ മാലിന്യം നീക്കംചെയ്യാൻ തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് സ്വകാര്യകമ്പനികളുടെ സഹായത്തോടെ തിങ്കളാഴ്ചയോടെ യന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്.

ചെന്നൈയിൽ മാലിന്യനീക്കം ചെയ്യുന്നത് നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി ഇറൈ അൻപ്, ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി, മെട്രോ വാട്ടർ മാനേജിങ് ഡയറക്ടർ സി. വിജയരാജ് കുമാർ എന്നിവർ നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. തൊഴിലാളികൾ മാലിന്യക്കുഴിയിലിറങ്ങി മാലിന്യം നീക്കംചെയ്യുന്ന ഗാന്ധിമണ്ഡപം റോഡിലെ സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. മാലിന്യം നീക്കംചെയ്യാൻ റീസൈക്കിൾ ജെറ്റിങ് മെഷീൻ ഉപയോഗിക്കണമെന്നും മെട്രോ വാട്ടർ അധികൃതർ ജീവനക്കാർക്ക് നിർദേശംനൽകി.

തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ചവരെ നഗരത്തിലെ മഴവെള്ള അഴുക്കുചാലിലെ മാലിന്യം നീക്കംചെയ്യുമെന്ന് സിറ്റി മെട്രോവാട്ടർ അധികൃതർ പറഞ്ഞു. നഗരത്തിൽ വിവിധ റോഡുകളിലായി 9,224 മഴവെള്ളച്ചാലുകളാണുള്ളത്.

ഇതിൽ 1918 മഴവെള്ളച്ചാലുകളിലെ മാലിന്യം നീക്കംചെയ്തു. ചെന്നൈയിലെ പ്രധാന റോഡുകളിൽമാത്രമേ ഇരു ഭാഗങ്ങളിലുമായി വലിയ മഴവെള്ളച്ചാലുകളുള്ളു. എല്ലാ പ്രധാന റോഡുകളിലും മഴവെള്ളച്ചാലുകൾ നിർമിക്കുമെന്ന് ചീഫ് സെക്രട്ടറി ഇറൈ അൻപ് പറഞ്ഞു. മുഴുവൻ മാലിന്യവും നീക്കംചെയ്തുവെന്ന് കോർപ്പറേഷനും മെട്രോ വാട്ടർ അധികൃതരും ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി നിർദേശംനൽകി.