ചെന്നൈ : ഇന്ധനവിലവർധന അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഡി.എം.കെ. നേതൃത്വത്തിൽ കരിങ്കൊടിയേന്തി പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെടെ ഡി.എം.കെ. സഖ്യത്തിലുള്ള പാർട്ടികൾ സമരത്തിൽ പങ്കെടുത്തു. പാർട്ടി ഓഫീസുകൾക്കും വീടുകൾക്കുംമുന്നിൽ കരിങ്കൊടിയേറ്റി നേതാക്കൾ പ്രതിഷേധത്തിൽ അണിചേർന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരും സമരത്തിൽ പങ്കെടുത്തില്ല. പകരം ഡി.എം.കെ. എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ഓഗസ്റ്റിൽ നടന്ന പ്രതിപക്ഷപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സെപ്റ്റംബർ 20 മുതൽ 30 വരെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരേ സമരം നടത്താൻ ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കമിടുകയായിരുന്നു. ഇന്ധനവില വർധന, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, പാചകവാതക വില വർധന, കാർഷിക പരിഷ്‌കരണ നിയമങ്ങൾ എന്നിവയ്‌ക്കെതിരേയായിരുന്നു പ്രതിഷേധം. ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന പ്രതിഷേധത്തിന് എം.പി.മാരായ ടി.കെ.എസ്. ഇളങ്കോവൻ, ആർ.എസ്. ഭാരതി തുടങ്ങിയവർ നേതൃത്വംനൽകി. ആൽവാർപ്പേട്ടുള്ള വീടിനുമുന്നിൽ കരിങ്കൊടിയേന്തി കനിമൊഴി എം.പി.യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്ന് കനിമൊഴി ആരോപിച്ചു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾമൂലം സാധാരണക്കാരായ ആളുകളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും കനിമൊഴി പറഞ്ഞു. തേനാംപേട്ട് ഡി.എം.കെ. യുവജനവിഭാഗം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഉദയനിധി സ്റ്റാലിൻ എം.എൽ.എ. പങ്കെടുത്തു. കേന്ദ്രം നയം തിരുത്തുന്നതുവരെ സമരം തുടരുമെന്ന് ഉദയനിധി പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തിഭവനുമുന്നിൽ നടന്ന പ്രതിഷേധത്തിന് ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി നേതൃത്വം നൽകി. അണ്ണാനഗറിലെ വീടിനുമുന്നിൽ കരിങ്കൊടിയുമായി എം.ഡി.എം.കെ. നേതാവ് വൈകോയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സി.പി.എം. നേതൃത്വത്തിൽ ടി. നഗറിലുള്ള പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസിനുമുന്നിൽ സമരംനടത്തി. സംസ്ഥാനസെക്രട്ടറി കെ. ബാലകൃഷ്ണൻ, പി.ബി. അംഗം ജി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ. സംസ്ഥാനസെക്രട്ടറി ആർ. മുത്തരശന്റെ നേതൃത്വത്തിൽ ഹൊസൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ സമരം നടത്തി. ചെന്നൈ അശോക് നഗറിൽ നടത്തിയ സമരത്തിൽ വി.സി.കെ. നേതാവ് തിരുമാവളവൻ പങ്കെടുത്തു.