നാലുമാസംകൂടി സർക്കാർ സാവകാശം തേടാനാണ് തീരുമാനം

പുതുച്ചേരി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്താൻ നാലുമാസംകൂടി സാവകാശം ആവശ്യപ്പെട്ട് പുതുച്ചേരി സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ ആവശ്യം ഉന്നയിക്കാനാണ് ഒരുങ്ങുന്നത്.

പല ഘട്ടങ്ങളിലായി ഈ മാസം തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ഒരുങ്ങിയതെങ്കിലും ഹൈക്കോടതി തിരഞ്ഞെടുപ്പ് തടഞ്ഞ് ഉത്തരവിടുകയായിരുന്നു.

സംവരണ വാർഡുകളുടെ വിഭജനം നടത്തുന്നതിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കോടതി ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകാനും നിർദേശിച്ചിരുന്നു.

ഇതുപ്രകാരം വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ നാലുമാസംകൂടി സാവകാശം തേടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സംവരണ വാർഡുകളുടെ വിഭജനത്തിന് പ്രത്യേക കമ്മിഷനെ നിയമിക്കാനും സാധ്യതയുണ്ട്.