മുംബൈ : നടപ്പുസാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി ആകെ വായ്പയുടെ എട്ടുമുതൽ ഒമ്പതുശതമാനം വരെയായി ഉയർന്നേക്കുമെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. എങ്കിലും 2018 സാമ്പത്തിക വർഷത്തിന്റെ അവസാനമുണ്ടായിരുന്ന 11.2 ശതമാനത്തിലും താഴെയായിരിക്കുമിത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് നടപ്പാക്കിയ വായ്പാ പുനഃക്രമീകരണം, ഗ്യാരന്റിയോടെയുള്ള അടിയന്തര വായ്പാ പദ്ധതി തുടങ്ങിയവ കിട്ടാക്കട നിരക്ക് കുറയാൻ സഹായമായിട്ടുണ്ടെന്നും ക്രിസിൽ വിലയിരുത്തുന്നു. 2020 മാർച്ചിൽ മൊത്തം നിഷ്‌ക്രിയ ആസ്തി 8.2 ശതമാനവും 2021 മാർച്ചിൽ 7.5 ശതമാനവും ആയിരുന്നു.

ഈ സാമ്പത്തിക വർഷം അവസാനത്തോടെ രണ്ടുശതമാനം വായ്പകൾ ബാങ്കുകൾ പുനഃക്രമീകരിക്കുമെന്നാണ് കരുതുന്നത്. ഇതും മൊത്തം നിഷ്‌ക്രിയ ആസ്തിയും ചേരുന്നത് ആകെ വായ്പയുടെ പത്തുമുതൽ 11 ശതമാനംവരെ വരുമെന്നാണ് ക്രിസിൽ കണക്കാക്കുന്നത്. റീട്ടെയിൽ, എം.എസ്.എം.ഇ. വിഭാഗത്തിലുള്ള വായ്പകളിലായിരിക്കും കിട്ടാക്കടം കൂടുതൽ വരിക. റീട്ടെയിൽ വായ്പകളിൽ നാലുമുതൽ അഞ്ചുശതമാനം വരെയും എം.എസ്.എം.ഇ. വായ്പകളിൽ 17 മുതൽ 18 ശതമാനം വരെയും വർധനയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദശാബ്ദത്തിൽ റീട്ടെയിൽവായ്പകൾ നല്ലരീതിയിൽ മുന്നോട്ടുപോയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി ഈ മേഖലയിൽ വലിയതിരിച്ചടിയായി. ശമ്പളക്കാരുടെയും സ്വയം തൊഴിൽ കണ്ടെത്തിയവരുടെയും വരുമാനത്തിൽ അനിശ്ചിതത്വം നേരിട്ടു. ഇത് വായ്പകളുടെ തിരിച്ചടവിനെ ബാധിച്ചു. രണ്ടാംതരംഗത്തോടെ ആശുപത്രി ചെലവുകളിലുണ്ടായ വർധനയും തിരിച്ചടിയായി. രണ്ടാം കോവിഡ് തരംഗം രൂക്ഷമായി ബാധിച്ചെങ്കിലും ഗ്രാമീണമേഖല ശക്തമായ തിരിച്ചുവരവ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കാർഷികമേഖലയിൽ നിഷ്‌ക്രിയ ആസ്തിയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനയ്ക്ക് സാധ്യതയില്ലെന്നും ക്രിസിൽ വിലയിരുത്തുന്നു.