ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്) റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനും ഡി.എം.കെ. യ്ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.

നീറ്റ് റദ്ദാക്കുമെന്ന് സർക്കാർ നിയമസഭയിൽ പ്രഖ്യാപനം നടത്തുന്നതും ഡി.എം.കെ. പ്രതിനിധികൾ പൊതുവേദികളിൽ പറയുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.വെട്രിവേൽ എന്നയാളാണ് കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എം. ദുരൈസ്വാമി, കെ. മുരളീശങ്കർ എന്നിവരാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. സർക്കാരിന്റെയും ഡി.എം.കെ. നേതാക്കളുടെയും വാഗ്ദാനം വിദ്യാർഥികളെ ആശക്കുഴപ്പത്തിലാക്കുന്നുവെന്നും ഈ വാഗ്ദാനം വിശ്വസിച്ച് പരീക്ഷയ്ക്ക് ശരിയായ ഒരുങ്ങാത്തവർ തിരിച്ചടി നേരിടുവെന്നും ഹർജിയിൽ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷാഭയത്തിൽ സ്വയം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപയും വാഗ്ദാനം വിശ്വസിച്ച് പ്രതിസന്ധിയിലായി മനോവിഷമം നേരിടുന്ന വിദ്യാർഥികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ആവശ്യമില്ലെന്നാണ് ഡി.എം.കെ. സർക്കാരിന്റെ നിലപാട്. സംസ്ഥാനത്ത് നീറ്റ് ഒഴിവാക്കുന്നതിനുള്ള ബിൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയിരുന്നു. പിന്നീട് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിൽ വരുത്തുന്ന ഭേദഗതിയായതിനാൽ രാഷ്ട്രപത്രിയുടെ അംഗീകാരം ലഭിക്കാതെ നടപ്പാക്കാൻ സാധിക്കില്ല. അതിനാൽ ഇത്തവണ നീറ്റ് ഒഴിവാക്കി പ്രവേശനം നടത്താൻ സാധിക്കില്ല. നീറ്റ് പരീക്ഷാഭയത്തെ തുടർന്ന് ഈ വർഷം നാല് വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ട്.