ചെന്നൈ : ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി സർക്കാർ വൈദ്യുതി സേവനകേന്ദ്രം ആരംഭിച്ചു. അണ്ണാശാലൈയിലെ വൈദ്യുതി ബോർഡിന്റെ ആസ്ഥാനത്ത് ആരംഭിച്ച സേവനകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. 9498794987 എന്ന നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം.

മിന്നം എന്ന പേരിലാണ് സേവനകേന്ദ്രം അറിയപ്പെടുക. മൂന്ന് ഷിഫ്റ്റുകളിലായി 195 ജീവനക്കാർ പ്രവർത്തിക്കും.

വൈദ്യുതി വിതരണം തടസ്സപ്പെടൽ, അമിതവൈദ്യുതി നിരക്ക്, പൊട്ടിവീണ വൈദ്യുതി കമ്പികൾ, താഴ്ന്ന നിലയിലുള്ള വൈദ്യുതി കമ്പികൾ, വോൾട്ടേജ് ക്ഷാമം എന്നിവയെക്കുറിച്ചുള്ള പരാതികൾ സേവന കേന്ദ്രത്തിൽ അറിയിക്കാം.

പരാതി രജിസ്റ്റർ ചെയ്തതായുള്ള എസ്.എം.എസ്. സന്ദേശം മൊബൈൽ ഫോണിലേക്ക് ലഭിക്കും.

പരാതി ബന്ധപ്പെട്ട മേഖലയിലെ സൂപ്രണ്ടിങ് എൻജിനിയർക്ക് അയച്ചു കൊടുക്കും. പരാതികൾ പരിഹരിക്കുന്നതിലെ പുരോഗതി സംബന്ധിച്ച് വിവരങ്ങളും എസ്.എം.എസ്. വഴി പരാതിക്കാരനെ അറിയിക്കും.

പരാതി പരിഹാര സെല്ലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിച്ചു. പരാതികൾ ഏറ്റവും വേഗം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലകളിലെ 44 വൈദ്യുതി എക്സിക്യൂട്ടീവ് എൻജിനിയറിങ് ഓഫീസുകളിൽ മൂന്ന് വീതം ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കും. പുതിയ വൈദ്യുതി കണക്‌ഷൻ ലഭിക്കാനുള്ള നടപടി ക്രമങ്ങളും നമ്പറിൽ വിളിച്ച് അറിയാം. മുൻ സർക്കാർ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്താണ് ഇപ്പോൾ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകാൻ കാരണമെന്ന് ചടങ്ങിൽ പങ്കെടുത്ത വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി ആരോപിച്ചു.