ചെന്നൈ : മെട്രോതീവണ്ടികൾ തിങ്കളാഴ്ചമുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് മേയ് പത്തിനാണ് മെട്രോസർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവെച്ചത്. സംസ്ഥാനസർക്കാർ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വീണ്ടും സർവീസ് പുനരാരംഭിക്കാൻ മെട്രോ റെയിൽ അധികൃതർ തീരുമാനിച്ചത്.

50 ശതമാനം യാത്രക്കാരോടെ രാവിലെ 6.30 മുതൽ രാത്രി ഒൻപതുവരെയാണ് സർവീസ് നടത്തുക. രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ അഞ്ചുമിനിറ്റ് കൂടുമ്പോഴും ഇടനേരങ്ങളിൽ പത്ത് മിനിറ്റ് കൂടുമ്പോഴുമാണ് സർവീസ് നടത്തുക.

സ്റ്റേഷനുകളും മെട്രോ തീവണ്ടികളും ഇടയ്ക്കിടെ അണുനശീകരണം നടത്തും. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ചെന്നൈ മെട്രോ റെയിൽ അധികൃതർ ആവശ്യപ്പെട്ടു.