ചെന്നൈ : കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ വിയോഗത്തിൽ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ അനുശോചിച്ചു. രമേശൻ നായരുടെ മരണം മലയാള ചലച്ചിത്രഗാന, സാഹിത്യശാഖയെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്. ജനമനസ്സിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലുന്ന ഗാനങ്ങളും കവിതകളുമായിരുന്നു അദ്ദേഹത്തിന്റേത്. ഏതാണ്ട് 150-ഓളം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. എല്ലാ കൃതികളും അദ്ദേഹം തനിക്ക് സമ്മാനിക്കാറുണ്ടായിരുന്നുവെന്നും ഗോകുലം ഗോപാലൻ അനുസ്മരിച്ചു.

ശ്രീനാരായണഗുരു വിശ്വാസിയായ അദ്ദേഹം ജാതിമത ചിന്തകൾക്ക് അപ്പുറം മനുഷ്യരെ തുല്യരായാണ് കണ്ടത്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ മുൻനിർത്തി രചിച്ച ഗുരുപൗർണമി എന്ന കൃതി അദ്ദേഹത്തെ പ്രശസ്തനാക്കി. ആ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ശതാഭിഷേകം എന്ന രാഷ്ട്രീയനാടകം അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലും ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അദ്ദേഹവുമായുള്ള അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്രയുംവർഷത്തെ അടുപ്പത്തിനിടയിൽ അദ്ദേഹം ആകെ ആവശ്യപ്പെട്ട കാര്യം പുനർനിർമാണം നടത്തിയ അദ്ദേഹത്തിന്റെ വീട്ടിൽ വിളക്ക് കത്തിക്കാൻ മാത്രമായിരുന്നുവെന്നും ഗോകുലം ഗോപാലൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.