: മുപ്പത് വയസ്സിനിടയിൽ അഞ്ഞൂറ്് കച്ചേരികൾ, പ്രമുഖ സംഗീതജ്ഞരുമായി ആത്മബന്ധം, സംഗീതജ്ഞരെക്കുറിച്ച് ജീവിതരേഖ തെളിയുന്ന ലേഖനങ്ങൾ- മലയാളിയായ എൻ. ജയകൃഷ്ണൻ ഉണ്ണിയുടെ ജീവിതം സംഗീതമയമാണ്. പത്തുവർഷത്തിലേറെയായി ശാസ്ത്രീയസംഗീത മേഖലയിൽ സജീവമായുള്ള ജയകൃഷ്ണൻ ചാലക്കുടി സ്വദേശിയാണ്. സംഗീതാധ്യാപികയായിരുന്ന മുത്തശ്ശി ശാന്തയാണ് പാടാനുള്ള തന്റെ കഴിവ് കണ്ടെത്തിയതെന്ന് ജയകൃഷ്ണൻ പറയുന്നു. മൂന്നാം വയസ്സുമുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. കോളേജ് അധ്യാപകനായിരുന്ന അച്ഛൻ നാരായണൻ ഉണ്ണി ഗവേഷണാർഥം ചെന്നൈയിലേക്ക് വന്നപ്പോൾ സംഗീതപഠനവും ചെന്നൈയിലായി. അപ്പോൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഗവേഷണം പൂർത്തിയാക്കി അച്ഛൻ നാട്ടിലേക്ക് മടങ്ങിയെങ്കിലും സംഗീതപഠനത്തിനായി ജയകൃഷ്ണനും പിന്തുണയുമായി അമ്മ നന്ദിനിയും ചെന്നൈയിൽ തുടർന്നു. പ്രശസ്ത സംഗീതജ്ഞൻ നെയ്‌വേലി സന്താനഗോപാലത്തിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച് തുടങ്ങി. ഇപ്പോൾ 15 വർഷത്തോളമായി അദ്ദേഹത്തിന്റെ കീഴിലാണ് പരിശീലനം.

ചെറിയപ്രായം മുതൽ സംഗീതത്തോടൊപ്പമുണ്ടെങ്കിലും താത്പര്യം കൊണ്ടാണ് സംഗീതമേഖലയിൽ തുടരുന്നതെന്ന് ജയകൃഷ്ണൻ പറയുന്നു. ചെറുപ്പത്തിൽ തെളിഞ്ഞ വഴിയിൽ നടന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തേക്കാണ് കൂടുതലടുത്തത്. കർണാടക സംഗീത കച്ചേരികളാണ് കൂടുതലും ചെയ്യുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു ആദ്യ കച്ചേരി. 2005 മുതൽ ചെന്നൈ മാർഗഴി സീസണിൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി. അത് ഇപ്പോഴും തുടരുന്നുണ്ട്. കോവിഡ് കാരണം ഓൺലൈനായാണ് ഇപ്പോൾ പരിപാടികൾ. കാണികളുടെയും ഗുരുക്കന്മാരുടെയും മുമ്പിൽ സദസ്സിൽ പാടുമ്പോൾ സംഭവിക്കുന്ന സംഗീതത്തിന്റെ മാന്ത്രികാനുഭവം ഓൺലൈൻ കച്ചേരികളിൽ കിട്ടില്ല. കോവിഡൊക്കെ മാറി സംഗീതക്കച്ചേരികളുടെ നല്ലകാലം മടങ്ങിയെത്താൻ കാത്തിരിക്കുകയാണെന്ന് ജയകൃഷ്ണൻ പറയുന്നു.

കാര്യമിങ്ങനെയായാലും ജയകൃഷ്ണൻ വെറുതേയിരിക്കുന്നില്ല. ചെറിയതോതിൽ സംഗീത പരീക്ഷണങ്ങൾ നടത്താനും ലോക്ഡൗൺ കാലം പ്രയോജനപ്പെടുത്തുന്നുണ്ട്. പുതിയ ഈണങ്ങൾ തേടിപ്പോകാനും ശ്രമിക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ചട്ടക്കൂടിൽ കഴിഞ്ഞവർഷം തമിഴിൽ പുറത്തിറക്കിയ ‘കൊറോണ ആന്തം’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്രാസ് ഐ.ഐ.ടി.യിൽ മാധ്യമ പഠന ഗവേഷകനാണ്. ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനി വാര്യരാണ് ഭാര്യ. വിശ്വവൈഭവ് മകനാണ്.