ചെന്നൈ : എ.ഐ.എ.ഡി.എം.കെ. പ്രസീഡിയം ചെയർമാനും മുൻ മന്ത്രിയുമായ ഇ. മധുസൂദനൻ ആശുപത്രിയിൽ. ശ്വാസ തടസ്സത്തെത്തുടർന്നാണ് 80-കാരനായ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിൽ തുടരുന്ന മധുസൂദനന്റെ ആരോഗ്യനിലയിൽ കാര്യമായ വ്യത്യാസമില്ലെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജോയന്റ് കോ-ഓർഡിനേറ്ററുമായ എടപ്പാടി പളനിസ്വാമിയും പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയും ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചു.

എം.ജി.ആർ. പാർട്ടി ആരംഭിച്ചപ്പോൾമുതൽ സജീവ പ്രവർത്തകനായിരുന്നു മധുസൂദനൻ. ജയലളിതയുടെ മന്ത്രിസഭയിൽ അംഗമായിട്ടുണ്ട്. ജയലളിതയുടെ മരണശേഷം പാർട്ടിയിലുണ്ടായ അധികാര വടംവലിയിൽ ഒ. പനീർശെൽവത്തിനൊപ്പമായിരുന്നു മധുസൂദനൻ.