കൊച്ചി : കേരളത്തിന്റെ വ്യാവസായിക വളർച്ച ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ, വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ആരംഭിച്ചിട്ട് 60 വർഷം പൂർത്തിയാകുന്നു. 60-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡെന്ന ആശയത്തിന് പ്രോത്സാഹനം നൽകാനാണ് പദ്ധതിയെന്ന് കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്താൻ, വ്യവസായ-വാണിജ്യ സംഘടനകളുമായി ചേർന്ന് സംരംഭകരെ സഹായിക്കുമെന്നും കേരള ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ക്വാളിറ്റി കൺട്രോൾ, ക്വാളിറ്റി അഷ്വറൻസ്‌ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡനന്തരം കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളെപ്പോലെ വൻ നിക്ഷേപങ്ങളുടെ കേന്ദ്രമാകാനിടയില്ലെങ്കിലും പരമ്പരാഗത വ്യവസായങ്ങളിലൂടെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) സംരംഭങ്ങളിലൂടെയും ഒരു വ്യവസായ മാതൃക തീർക്കാൻ കേരളത്തിന് സാധിക്കും. വ്യവസായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായിരിക്കും കെ.എസ്.ഐ.ഡി.സി. ശ്രദ്ധ ചെലുത്തുക. കോവിഡനന്തരമുള്ള വെല്ലുവിളികൾ നേരിടാൻ കെ.എസ്.ഐ.ഡി.സി. സജ്ജമാണെന്നും രാജമാണിക്യം വ്യക്തമാക്കി.

1961-ലാണ് കെ.എസ്.ഐ.ഡി.സി. സ്ഥാപിതമായത്. പ്രവർത്തനത്തിന്റെ ആദ്യ ദശകത്തിൽ സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് ശക്തമായ അടിത്തറയൊരുക്കുന്നതിന് നിക്ഷേപ വളർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് കെ.എസ്.ഐ.ഡി.സി. ശ്രദ്ധ കേന്ദ്രീകരിച്ചത്.

തുടർന്ന്, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിരവധി വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിലും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളിലും കെ.എസ്.ഐ.ഡി.സി. ശ്രദ്ധ പതിപ്പിച്ചു. 2000-ൽ വ്യവസായ വികസനത്തിന് ധനലഭ്യത ഉറപ്പാക്കുന്ന ഡെവലപ്‌മെന്റ് ബാങ്കിങ് സ്ഥാപനം എന്ന നിലയിലേക്കു കൂടി ചുവടുമാറി. 2019-ലാണ് ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുന്നതിനായി കെ-സ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനം ആരംഭിച്ചത്. തുടക്കം മുതൽ തന്നെ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി., ആയിരത്തിലധികം യൂണിറ്റുകൾക്കാണ് പിന്തുണ നൽകിയിട്ടുള്ളത്. 22,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപത്തിന് അവസരമൊരുക്കുകയും ചെയ്തു. സംസ്ഥാനത്ത് 75,000-ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.