ചെന്നൈ : ചികിത്സയിലുള്ള എ.ഐ.എ.ഡി.എം.കെ. പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനനെ കാണാൻ വി.കെ. ശശികല അപ്പോളോ ആശുപത്രിയിലെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി.

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശികല എ.ഐ.എ.ഡി.എം.കെ. കൊടി കെട്ടിയ കാറിലാണ് എത്തിയത്. ശശികലവന്ന അതേസമയത്ത് മുൻമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജോയന്റ് കോ-ഓർഡിനേറ്ററുമായ എടപ്പാടി പളനിസ്വാമിയും ആശുപത്രിയിലെത്തി. ശശികല അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾത്തന്നെ പളനിസ്വാമി സ്ഥലംവിട്ടു.

പാർട്ടിയുടെ ചെന്നൈ ജില്ലാസെക്രട്ടറിമാർക്കൊപ്പമായിരുന്നു പളനിസ്വാമിയുടെ വരവ്. ശശികല ഉണ്ടെന്നവിവരം ലഭിച്ചയുടൻ മധുസൂദനനെ കാണാതെ പളനിസ്വാമി മടങ്ങിയെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു.

15 മിനിറ്റ് ആശുപത്രിയിൽ ചെലവഴിച്ച ശശികല മധുസൂദനന്റെ രോഗവിവരം ഡോക്ടർമാരോട് തിരക്കി. മെച്ചപ്പെട്ട ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടു. തന്റെ കുടുംബത്തിലെയും പാർട്ടിയിലെയും ജ്യേഷ്ഠസഹോദരനായിരുന്നു മധുസൂദനനെന്ന് ശശികല പറഞ്ഞു. ജയലളിതയുടെ മരണശേഷം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായപ്പോൾ പളനിസ്വാമി ശശികല പക്ഷത്തായിരുന്നു. അന്ന് ഒ. പനീർശെൽവം മുഖ്യമന്ത്രിയായിരുന്നു.

അദ്ദേഹത്തെ താഴെയിറക്കി മുഖ്യമന്ത്രിയാവാനായിരുന്നു ശശികല നീക്കംനടത്തിയത്. അതിനിടയിൽ അനധികൃത സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലായി. ആ യാത്രയിൽ ശശികല മുഖ്യമന്ത്രി പദവിയിലെത്തിച്ച നോതാവാണ് പളനിസ്വാമി. വിമതനായിരുന്ന പനീർശെൽവവും പളനിസ്വാമിപക്ഷവും പിന്നീട് ലയിച്ചു. തുടർന്നു നടന്ന ജനറൽകൗൺസിൽ യോഗത്തിലാണ് ശശികലയെയും ടി.ടി.വി. ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കുന്നത്. പാർട്ടിയുടെ ചിഹ്നമായ ‘രണ്ടില’യെച്ചൊല്ലി ഇപ്പോഴും തർക്കം തുടരുന്നുണ്ട്. ‘രണ്ടില’യ്ക്കുവേണ്ടിയുള്ള കേസ് തുടരുമെന്ന് അടുത്തിടെ ശശികല അറിയിച്ചിരുന്നു.