ചെന്നൈ : തമിഴ്‌നാട്ടിൽ 83,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ നിക്ഷേപം നടത്താൻ തയ്യാറായി കമ്പനികൾ.

സംസ്ഥാന വ്യവസായ വകുപ്പ് ചെന്നൈയിൽ നടത്തിയ നിക്ഷേപക സംഗമത്തിൽ 17,141 കോടിയുടെ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇതുകൂടാതെ നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം 4,250 കോടിരൂപ നിക്ഷേപം നടത്തുന്ന സംരംഭങ്ങളുടെ ശിലാസ്ഥാപനവും 7,117 കോടിരൂപ നിക്ഷേപിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ആകെ 49 പദ്ധതികളിലായി 28,508 കോടിയുടെ നിക്ഷേപവും 83,482 പേർക്ക് ജോലിയുമാണ് പ്രതീക്ഷിക്കുന്നത്.

പുതിയതായി നിക്ഷേപം പ്രതീക്ഷിക്കുന്ന 35 പദ്ധതികളുടെ ധാരണാപത്രത്തിലാണ് ഒപ്പിട്ടിരിക്കുന്നത്. 17,141 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതികൾ മുഖേന 55,054 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നത് സിരുശ്ശേരിയിലെ സിപ്‌കോട്ട് ഐ.ടി. പാർക്കിൽ ടി.സി.എസ്. നടപ്പാക്കുന്ന മൂന്നാംഘട്ട പദ്ധതിയാണ്. ഇവിടെ 15,000 പേർക്ക് തൊഴിൽ ലഭിക്കും.

900 കോടി രൂപയാണ് കമ്പനി ഈ പദ്ധതിക്കായി നിക്ഷേപിക്കുക. ജർമൻ കമ്പനി സെഡ്.എഫ്. ഓട്ടോമൊബൈൽ മേഖലയിൽ 1800 കോടി രൂപ മുതൽ മുടക്കും. കാഞ്ചീപുരം ജില്ലയിലെ ഒറഗടത്തിലാണ് പദ്ധതി. ഇവിടെ 5,000 പേർക്ക് ജോലി ലഭിക്കും.

ലോട്ടസ് ഫുട്‌വെയർ ദിണ്ടിവനത്തും ബാഗൂറിലും തിരുവണ്ണാമലൈയിലുമായി 1,060 കോടി മുതൽ മുടക്കും. മൂന്ന് പദ്ധതികളിലുമായി 13,000 പേർക്ക് തൊഴിൽ ലഭിക്കും. ജെ.എസ്.ഡബ്ല്യു. എനർജി തൂത്തുക്കുടി, തിരുനൽവേലി, ദിണ്ടിക്കൽ, തിരുപ്പുർ എന്നിവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി 3,000 കോടി നിക്ഷേപിക്കും. ഇത്‌ മുഖേന 1,600 പേർക്ക് ജോലി ലഭിക്കും.

ശ്രീവാരു മോട്ടോഴ്‌സിന്റെ കോയമ്പത്തൂരിലെ 1,000 കോടിയുടെ പദ്ധതിയിൽ 4,500 പേർക്ക് തൊഴിൽ ലഭിക്കും. മധുര, കാഞ്ചീപുരം ഒറഗടം, ശ്രീപെരുംപുത്തൂർ, ഹൊസൂർ, ചെങ്കൽപ്പേട്ട് എന്നിവിടങ്ങളിൽ വ്യവസായ പാർക്കുകൾക്കും വൻതോതിൽ നിക്ഷേപം നടത്തും.

ആകെ 21,630 പേർക്ക് തൊഴിൽ ലഭിക്കുന്ന 4,250 കോടി രൂപ മുതൽമുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനമാണ് നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി ലഭിക്കുന്നത് ടി.സി.എസിന്റെ സിരുശ്ശേരിയിലെ രണ്ടാം ഘട്ട പദ്ധതിയാണ്. 876 കോടി മുതൽമുടക്കുന്ന പദ്ധതിയിൽ 15,000 പേർക്ക് ജോലി ലഭിക്കും.

വിക്രം സോളാറിന്റെ 5,173 കോടിയുടെ ഒറഗടത്തെ സംരംഭം, ഡി.പി. വേൾഡിന്റെ തിരുവള്ളൂരിലെ വ്യവസായ പാർക്ക് (1,000 കോടി രൂപ), ഇ.എസ്.ആർ. അഡ്വൈസേഴ്‌സിന്റെ ശ്രീപെരുംപുത്തൂരിലെയും ഒറഗടത്തെയും വ്യവസായ പാർക്കുകൾ (500 കോടി), കോറൽ മാനുഫാക്ചറിങ് വർക്സിന്റെ ഈറോഡ് മോടക്കുറിച്ചിയിലെ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി (200 കോടി), ചെങ്കൽപ്പേട്ട് മഹിന്ദ്രസിറ്റിയിലെ ഡിനെക്സിന്റെ പദ്ധതി(100 കോടി) എന്നീ 7,117 കോടിയുടെ അഞ്ച് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഇവയിൽ 6,798 പേർക്ക് തൊഴിൽ ലഭിക്കും.

വ്യവസായ വകുപ്പ് മന്ത്രി തങ്കം തെന്നരശ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മുരുകാനന്ദം തുടങ്ങിയവരും സംഗമത്തിൽ പ്രസംഗിച്ചു.

തമിഴ്‌നാടിനെ ഏഷ്യയിലെ മികച്ച സംസ്ഥാനമാക്കും-സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാടിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരം കൊണ്ടും പാരമ്പര്യത്തിന്റെപേരിലും തമിഴ്‌നാട് നേരത്തേ തന്നെ പ്രശസ്തമാണ്. ഇപ്പോൾ നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിലും മുന്നിലാണെന്നും സ്റ്റാലിൻ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ഉത്പാദന മേഖല വലിയ പ്രതിസന്ധിയെ നേരിടുകയാണ്. എന്നാൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾ പുതിയ ഊർജത്തോടെ തിരിച്ചുവന്നിരിക്കുകയാണ്.

2030-ഓടെ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി ഡോളറാക്കി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.