ചെന്നൈ : കുറഞ്ഞവിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന ചെന്നൈയിലെ അമ്മ ഉണവകങ്ങളിൽ ചപ്പാത്തിക്ക്‌ പകരം തക്കാളി സാദം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചപ്പാത്തി ഒഴിവാക്കിയതെന്നാണ് വിവരം. സാധാരണ അത്താഴത്തിനായിരുന്നു മൂന്ന് രൂപയ്ക്ക് ചപ്പാത്തിയും കുറുമയും നൽകിയിരുന്നത്. ഇപ്പോൾ ഇതുമാറ്റി തക്കാളി സാദം നൽകി ത്തുടങ്ങിയിരിക്കുകയാണ്.

ഇതേസമയം ഒരു രൂപയ്ക്ക് ഇഡ്ഢലി, അഞ്ച് രൂപയ്ക്ക് സാമ്പാർ സാദം തുടങ്ങിയ മുമ്പുണ്ടായിരുന്ന വിഭവങ്ങൾ ഇപ്പോഴും ലഭ്യമാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ 2013-ലാണ് ചെന്നൈയിൽ അമ്മ ഉണവകം ആരംഭിച്ചത്.

ഇത് വിജയം കണ്ടതോടെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. നിലവിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിൽ 407 അമ്മ ഉണവകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡുകളിലും രണ്ടെണ്ണം വീതം 200 വാർഡുകളിലായി 400 ഉണവകങ്ങളും ഏഴ് സർക്കാർ ആശുപത്രികളോട് ചേർന്നുമാണ് ഇവ പ്രവർത്തിക്കുന്നത്.

ചെന്നൈയിൽ അമ്മ ഉണവകങ്ങൾ നടത്തുന്നതിന് പ്രതിവർഷം 300 കോടി രൂപയാണ് ചെലവ് വരുന്നത്. കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നടത്തിയ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമാണ് ചപ്പാത്തി ഒഴിവാക്കിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.