ചെന്നൈ : അനധികൃതസ്വത്ത് സമ്പാദനകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ഗതാഗത വകുപ്പ് മന്ത്രി എം.ആർ. വിജയഭാസ്കറിന് വിജിലൻസിന്റെ സമൻസ്. ചെന്നൈ ആലന്തൂരിലുള്ള വിജിലൻസ് ആസ്ഥാനത്ത് തിങ്കളാഴ്ച ഹാജരാകാനാണ് സമൻസിൽ പറയുന്നത്. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിൽ മന്ത്രിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ് എട്ട് കോടിയോളം രൂപ സമ്പാദിച്ചുവെന്നാണ് വിജയഭാസ്കറിനെതിരായ കേസ്. ജൂലായിൽ വിജയഭാസ്കറുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ 25 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഡി.എം.കെ. സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ആദ്യം വിജിലൻസ് റെയ്ഡ് നേരിട്ട എ.ഐ.എ.ഡി.എം.കെ. മുൻമന്ത്രിയാണ് വിജയഭാസ്കർ. എസ്.പി. വേലുമണി, കെ.സി. വീരമണി, സി.വിജയഭാസ്കർ എന്നിവരാണ് മറ്റ് മുൻമന്ത്രിമാർ. സി. വിജയഭാസ്കറുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് റെയ്ഡ് നടന്നത്.