ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യുടെ വളർച്ചയ്ക്കും നന്മയ്ക്കുമായി എല്ലാ പാർട്ടി പ്രവർത്തകരും ഭിന്നതമറന്ന് ഒന്നിക്കണമെന്ന ആഹ്വാനവുമായി പാർട്ടി മുൻ ജനറൽ സെക്രട്ടറി ശശികല. വൈരംമറന്നു കൈകോർക്കേണ്ട സമയമാണെന്നും എല്ലാവരെയും ഒന്നിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ.യുടെ മുഖപത്രമായിരുന്ന നമത് എം.ജി.ആറിൽ പ്രവർത്തകരെ അഭിസംബോധനചെയ്ത് എഴുതിയ കത്തിൽ ശശികല വ്യക്തമാക്കി.

പാർട്ടിയിലേക്ക് തിരിച്ചുവരാൻ നീക്കങ്ങൾ ആരംഭിച്ച ശശികല മുമ്പ് ജയലളിതയുടെയും എം.ജി.ആറിന്റെയും സമാധിസ്ഥലം സന്ദർശിച്ചിരുന്നു.

കഴിഞ്ഞദിവസം എം.ജി.ആറിന്റെ ചെന്നൈ രാമാവരത്തെ വീട്ടിൽ എ.ഐ.എ.ഡി.എം.കെ. സുവർണജൂബിലിയുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം നടത്തിയപ്പോഴും എല്ലാവരും ഒന്നിക്കണമെന്ന് ശശികല അഭിപ്രായപ്പെട്ടിരുന്നു. എടപ്പാടി പളനിസ്വാമിയും ഒ. പനീർശെൽവവും നേതൃത്വം നൽകുന്ന എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക പക്ഷത്തെ ഉദ്ദേശിച്ചാണ് ഐക്യത്തിന് ആഹ്വാനംചെയ്യുന്നതെങ്കിലും അവർ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ പ്രവർത്തകരെ അഭിസംബോധനചെയ്ത് കത്തെഴുതുകയായിരുന്നു.

പാർട്ടിയെ രക്ഷിക്കുകയെന്നത് തന്റെ കർമമാണെന്ന്‌ ശശികല കത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ എല്ലാവരും വൈരം മറക്കണമെന്നും അഭിപ്രായപ്പെട്ടു. ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെ.യുടെ മുഖപത്രമായിരുന്നു നമത് എം.ജി.ആർ. പിന്നീട് പാർട്ടി പിളർന്നപ്പോൾ ശശികല വിഭാഗത്തിന്റെ ഉടമസ്ഥതയിലാകുകയായിരുന്നു. നിലവിൽ ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റകഴകത്തിന്റെ പ്രചാരണത്തിനായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.