ചെന്നൈ: ടാക്സ് പിരിവിന്റെ പേരിൽ തമിഴ്നാട്ടിലെ ചെക്‌പോസ്റ്റുകളിൽ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ മണിക്കൂറുകളോളം തടയുന്നതായി ഉടമകൾ. ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ആക്ട് പ്രകാരം നികുതി കൃത്യമായി അടച്ചിട്ടും തമിഴ്നാട് സംസ്ഥാന ടാക്സ് അടയ്ക്കണം എന്നുപറഞ്ഞാണ് ബസുകൾ തടയുന്നതെന്ന് ബസ് ജീവനക്കാരും പരാതിപ്പെടുന്നു.

കർണാടകയിൽനിന്നും കേരളത്തിലേക്കുള്ള ബസുകൾ പ്രധാനമായും തടയുന്നത് ഹൊസൂർ ചെക് പോസ്റ്റിലാണ്. തമിഴ്നാട് ആർ.ടി.ഒ. അധികൃതർ മണിക്കൂറുകളോളം വാഹനങ്ങൾ പിടിച്ചു വെയ്ക്കുന്നത് യാത്രക്കാരെയും പ്രയാസത്തിലാക്കുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് ടാക്സ് അടച്ചതിന്റെ രേഖകൾ കാണിച്ചിട്ടും ആർ.ടി.ഒ. ഉദ്യോഗസ്ഥർ അതിർത്തി കടത്തിവിട്ടില്ലെന്ന് ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തിയ ബസിന്റെ ഡ്രൈവർ സന്തോഷ് പറഞ്ഞു.

തമിഴ്നാട്ടിലെ നികുതി അടയ്ക്കാതെ വണ്ടി വിടാൻ പറ്റില്ല എന്ന് ആർ.ടി.ഒ. കർശന നിലപാട് എടുത്തുവെന്നും ഒടുവിൽ മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷമാണ് വിട്ടയച്ചതെന്നും സന്തോഷ് പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽനിന്ന് തമിഴ്നാട് വഴി സർവീസ് നടത്തുന്ന ഒട്ടേറെ ബസുകൾ സമാന അനുഭവം നേരിട്ടുവെന്ന് വാഹന ഉടമകൾ പറയുന്നു. കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ആക്ടുമായി ബന്ധപ്പെട്ട തർക്കമാണ് വാഹനങ്ങൾ തടഞ്ഞുവെക്കലിന്റെ പ്രധാനകാരണം. ഈ നിയമപ്രകാരം നികുതി അടച്ചാൽ രാജ്യത്തെവിടെയും രേഖകൾ കാട്ടി സഞ്ചരിക്കാനാവും. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് നിയമം നിലവിൽ വന്നത്.

അതേസമയം നേരത്തേ വാഹനം കടന്നു പോകുന്ന സംസ്ഥാനങ്ങളിലെല്ലാം ടാക്സ് അടയ്ക്കുക എന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രം പുതിയനിയമം കൊണ്ടുവന്നിട്ടും തമിഴ്‌നാട് പഴയ രീതി തന്നെ തുടരുകയാണ് ചെയ്യുന്നത്. കേന്ദ്രത്തിന്റെ പുതിയ ടാക്സ് ഘടന സംസ്ഥാനങ്ങളുടെ വരുമാനം കുറയ്ക്കും എന്നാണ് തമിഴ്‌നാട് ആർ.ടി.ഒ. വൃത്തങ്ങൾ നിരത്തുന്ന ന്യായീകരണം. അതുകൊണ്ടു തന്നെ സംസ്ഥാനത്തിന് വരുമാനം നഷ്ടപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന നിലപാടാണ് ആർ.ടി.ഒ. മുന്നോട്ടു വെയ്ക്കുന്നത്. അതേസമയം വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ആക്ട് സ്വകാര്യ ബസുടമകൾ ദുരുപയോഗം ചെയ്യുന്നുവെന്നുള്ള ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്.