ചെന്നൈ : തമിഴ്നാട് സംസ്ഥാന സിലബസ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പരീക്ഷയിൽ എല്ലാ വിദ്യാർഥികളെയും ജയിപ്പിച്ചു. മൊത്തം 8.16 ലക്ഷം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 4.36 ലക്ഷം പേർ പെൺകുട്ടികളും 3.80 ലക്ഷം പേർ ആൺകുട്ടികളുമാണ്. പരീക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ (www.dge.tn.gov.in) ഓൺലൈനായി ഫലം പരിശോധിക്കാം. വ്യാഴാഴ്ച മുതൽ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് പ്രൊവിഷണൽ മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിലിൽ നടത്തിയിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം വ്യാപനം കാരണം ഇത്തവണ പ്ലസ്ടുവിന്റെ എഴുത്തുപരീക്ഷകൾ നടത്താനായിരുന്നില്ല. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം പ്രത്യേക മാനദണ്ഡം അടിസ്ഥാനമാക്കി മുൻവർഷങ്ങളിലെ മാർക്കിന് വെയിറ്റേജ് നൽകിയാണ് ഫലം പ്രഖ്യാപിച്ചത്. മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കും പ്രൈവറ്റായി രജിസ്റ്റർ ചെയ്തവർക്കും സെപ്റ്റംബറിലോ ഒക്ടോബറിലോ നേരിട്ട് പരീക്ഷ നടത്തും. കഴിഞ്ഞവർഷം 92.3 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്ലസ്ടു വിജയം.

ശതമാനം വിജയം: 8.16 ലക്ഷം വിദ്യാർഥികൾ ജയിച്ചു

ചെന്നൈ : സംസ്ഥാന പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ നൂറു ശതമാനം വിജയം. കോവിഡ് വ്യാപനം കാരണമാണെങ്കിലും ഇതാദ്യമായാണ് സംസ്ഥാനത്ത് പ്ലസ്ടുവിന് 100 ശതമാനം വിജയമുണ്ടാകുന്നത്. പോയവർഷം 92.3, 2019-ൽ 91.3, 2018-ൽ 91.1 എന്നിങ്ങനെയായിരുന്നു വിജയശതമാനം. രജിസ്റ്റർ ചെയ്തിരുന്നതിൽ അരലക്ഷത്തിലേറെപ്പേർ മുൻവർഷങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കൊല്ലം പരീക്ഷ റദ്ദാക്കി എല്ലാവരെയും ജയിപ്പിച്ചതോടെ ഈ തോൽവിക്കണക്ക് ഇല്ലാതായി. എല്ലാവർക്കും ഉപരിപഠനത്തിന് യോഗ്യത ലഭിച്ചു. ആദ്യമായാണ് വിജയിച്ചവരുടെ സംഖ്യ എട്ടുലക്ഷം പിന്നിടുന്നതെന്ന പ്രത്യേകതയുമുണ്ട്.

8,18,129 വിദ്യാർഥികളായിരുന്നു കഴിഞ്ഞവർഷം പ്ലസവണിന് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പ്ലസ്‌വൺ പൊതുപരീക്ഷ എഴുതാത്ത 1656 വിദ്യാർഥികൾ ഒഴികെ 8,16,473 പേരെയും ജയിപ്പിച്ചു. ഒഴിവാക്കിയ 1656 വിദ്യാർഥികൾക്ക് പ്രൈവറ്റുകാർക്കൊപ്പം നേരിട്ടുള്ള പരീക്ഷയെഴുതാൻ അവസരം നൽകും.

പ്ലസ്ണിൽ ചില വിഷയങ്ങൾക്ക് തോറ്റ 33,557 വിദ്യാർഥികളെയും ജയിപ്പിച്ചു. കോവിഡ് സാഹചര്യം കാരണമാകും പരീക്ഷയ്ക്ക് വേണ്ടവിധത്തിൽ തയ്യാറെടുക്കാൻകഴിയാതെ വന്നതെന്ന പരിഗണന നൽകിയാണ് ഈ വിദ്യാർഥികളെ ജയിപ്പിച്ചത്. പരീക്ഷാ ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയാണ് പരീക്ഷാഫലം പുറത്തിറക്കിയത്. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോസ്ഥർ പങ്കെടുത്തു.

മാർക്ക് കണക്കാക്കിയ വിധം

പത്താംക്ലാസ് പരീക്ഷയുടെ മാർക്കിന് 50 ശതമാനവും പ്ലസ്‌വൺ മാർക്കിന് 20 ശതമാനവും പ്ലസ്ടുവിലെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കിനും ഇന്റേണൽ മാർക്കിനുമായി 30 ശതമാനവും വെയിറ്റേജ് നൽകി. പ്രാക്ടിക്കൽ പരീക്ഷയില്ലാത്ത വിഷയങ്ങളിൽ ഇന്റേണൽ മാർക്ക് 30 ശതമാനമായി കണക്കാക്കിയിട്ടുണ്ട്. മാർക്ക് കൂട്ടിയതിൽ ആക്ഷേപമുള്ളവർ പരാതിപ്പെട്ടാൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരാതിക്ക് വകയില്ലാത്ത വിധമാണ് മാർക്ക് കൂട്ടിയത്. എങ്കിലും പരാതി വന്നാൽ അതുപരിശോധിക്കും- മന്ത്രി പറഞ്ഞു.

നേരിട്ടുള്ള പരീക്ഷ മൂന്നുമാസത്തിനകം

പ്രൈവറ്റായി രജിസ്റ്റർ ചെയ്തിരുന്ന 39,000-ത്തോളം പേർക്ക് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് സെപ്റ്റംബറിലോ ഒക്ടോബറിലോ നേരിട്ടുള്ള എഴുത്തുപരീക്ഷ നടത്തും. മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്കും ക്ലാസിൽ വരാതിരുന്നതിനാൽ ഒഴിവാക്കപ്പെട്ട 1656 വിദ്യാർഥികൾക്കും ഇതിനൊപ്പം പരീക്ഷ നടത്തും. പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

മാർക്ക് നൽകുന്നത് ദശാംശത്തിൽ

പ്ലസ്ടു പരീക്ഷാഫലത്തിൽ സാധാരണ പൂർണ സംഖ്യകളിലാണ് മാർക്ക് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈവർഷം മുതൽ ആ രീതി മാറ്റി ദശാംശത്തിൽ വരുന്ന കണക്കുകൾ അതേപടി രേഖപ്പെടുത്തും. അതായത്; 67.89 എന്ന മാർക്ക് ലഭിച്ചാൽ മുമ്പ് 68 എന്ന് കണക്കുകൂട്ടിയിരുന്നു. അതുപോലെ 67.34 എന്നു വന്നാൽ 67 എന്നാണ് കണക്കാക്കിയിരുന്നത്. ഇങ്ങനെ പൂർണ സംഖ്യയിലേക്ക് മാറ്റുന്നത് ഒഴിവാക്കി ദശാംശത്തിൽ വരുന്ന കണക്ക് അതുപോലെ രേഖപ്പെടുത്തുന്ന രീതിയാകും ഇനിയുള്ളത്. ഉന്നതപഠനത്തിന് അപേക്ഷിക്കുമ്പോൾ കട്ട്-ഓഫ് മാർക്ക് കണക്കുകൂട്ടുന്നതിനും പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനും ഇതു സഹായകമാകുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

പരീക്ഷയില്ലെങ്കിലും മാർക്ക് കൂടി

പരീക്ഷയില്ലായിരുന്നെങ്കിലും ഇത്തവണ വിദ്യാർഥികളുടെ മാർക്ക് വർധിച്ചു. മുഴുവൻ മാർക്കായ 600 നേടാൻ ആർക്കും സാധിച്ചില്ല. എങ്കിലും 551 മുതൽ 600 വരെ മാർക്ക് വരുന്ന വിഭാഗത്തിൽ 39,679 വിദ്യാർഥികൾ നേടി. ഇതിൽ സയൻസ് വിഭാഗത്തിലെ 30,599 വിദ്യാർഥികളും കൊമേഴ്‌സിലെ 8909 പേരും ഹ്യുമാനിറ്റീസിലെ 35 പേരും വൊക്കേഷണൽ വിഭാഗത്തിലെ 136 പേരുമുണ്ട്. 1.63 ലക്ഷം വിദ്യാർഥികളാണ് 501 മുതൽ 550.99 വരെ മാർക്ക് നേടിയത്. 2.22 ലക്ഷം വിദ്യാർഥികൾ 451 മുതൽ 500.99 മാർക്കും കരസ്ഥമാക്കി. ആകെയുള്ള 8.16 ലക്ഷം വിദ്യാർഥികളിൽ 9658 വിദ്യാർഥികൾ മാത്രമാണ് 250.99-ൽത്താഴെ മാർക്ക് നേടിയത്.

പത്താംക്ലാസ് ഫലം വൈകില്ല

പരീക്ഷ റദ്ദാക്കിയ പത്താംക്ലാസുകാരുടെ ഫലവും വൈകാതെ പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഓൾ പാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാർക്കുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്തിമപരിശോധനകൾക്ക് ശേഷം ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പുതുച്ചേരിയിൽ 14,674 വിദ്യാർഥികളും ജയിച്ചു

ചെന്നൈ : പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽനിന്ന് തമിഴ്‌നാട് സിലബസിലെ പ്ലസ്ടു പരീക്ഷയെഴുതിയ 14,674 വിദ്യാർഥികളും വിജയിച്ചു. ഇതിൽ 6420 പേർ സർക്കാർ സ്കൂളിൽ പഠിച്ചവരാണ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്ക് സ്വന്തമായി വിദ്യാഭ്യാസ ബോർഡ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് വിദ്യാഭ്യാസമന്ത്രി എ. നമശ്ശിവായം അറിയിച്ചു. നിലവിൽ പുതുച്ചേരിയിലും കാരയ്ക്കലിലും തമിഴ്‌നാട് സിലബസും മാഹിയിൽ കേരള സിലബസും യാനത്ത് ആന്ധ്ര സിലബസുമാണ് പിന്തുടരുന്നത്.