ചെന്നൈ : കാവേരിനദിയിൽ മേക്കേദാട്ട് അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിങ്കളാഴ്ച ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം നൽകിയ ഉറപ്പിൽ ഡി.എം.കെ. സർക്കാരിന് വിശ്വാസമുണ്ടെന്നും കർണാടകത്തിന് അണക്കെട്ടുമായി മുന്നോട്ടു പോകാനാവില്ല എന്നാണ് പ്രതീക്ഷയെന്നും വേണ്ടിവന്നാൽ നിയമത്തിന്റെ വഴിക്കുനീങ്ങുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അണക്കെട്ട് നിർമാണത്തിൽ ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, പ്രധാനമന്ത്രിയുടെയും ജലസേചന മന്ത്രിയുടെയും ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ 1921-ൽ രൂപവത്‌കൃതമായ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ശതാബ്ദി ആഘോഷം തമിഴ്‌നാട് സർക്കാർ മികച്ച രീതിയിൽ നടത്താൻ തീരുമാനിച്ചതായും അധ്യക്ഷത വഹിക്കാൻ രാഷ്ട്രപതിയെ ക്ഷണിച്ചിട്ടണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഛായാചിത്രം ചടങ്ങിൽ അനാച്ഛാദനം ചെയ്യും. മധുരയിൽ നിർമിക്കുന്ന ലൈബ്രറിയുടെ ശിലാസ്ഥാപനവും രാഷ്ട്രപതി നിർവഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. നീറ്റ് പരീക്ഷയെക്കുറിച്ചും രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയിൽ മോചനത്തെക്കുറിച്ചും രാഷ്ട്രപതിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിനു സ്റ്റാലിൻ മറുപടി നൽകി. മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ രാജീവ് വധക്കേസ് പ്രതികളുടെ മോചനമാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.