ചെന്നൈ : ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട തന്റെ മകൻ ഇപ്പോഴും തിരിച്ചറിയുന്ന ഏക വ്യക്തി നടൻ വിജയ് ആണെന്ന് നടൻ നാസർ. തമിഴ് നടൻ മനോബാല നടത്തിയ അഭിമുഖത്തിലാണ് മകൻ അബ്ദുൾ അസൻ ഫൈസലിന്റെ കാര്യവും വിജയുമായുള്ള തന്റെ കുടുംബത്തിന്റെ ബന്ധത്തെക്കുറിച്ചും നാസർ തുറന്നു പറഞ്ഞത്.

‘‘അപകടശേഷം മകന് ആകെ ഓർമയുള്ളത് വിജയ്‌യെ മാത്രമാണ്. വിജയ്‌യുടെ വലിയ ആരാധകനാണ് അവൻ. വിജയ് എന്ന് പറഞ്ഞ് പലപ്പോഴും ബഹളമുണ്ടാക്കും. അവന്റെ ഏതെങ്കിലും കൂട്ടുകാരനായിരിക്കും വിജയ് എന്നാണ് ഞങ്ങൾ കരുതിയത്.

പിന്നീടാണ് അത് നടൻ വിജയ് ആണെന്നു മനസ്സിലായത്. വിജയ്‌യുടെ സിനിമയിലെ പാട്ട് വെച്ചപ്പോൾ അവൻ ശാന്തനായി. ഇപ്പോൾ വീട്ടിൽ വിജയ്‌യുടെ പാട്ടുകളാണ് എല്ലായ്പോഴും വെക്കാറുള്ളത്.

ഇക്കാര്യം വിജയ്‌യെ അറിയിച്ചപ്പോൾ അദ്ദേഹം വളരെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. അതിന് ശേഷം മകന്റെ ജന്മദിനത്തിന് സ്ഥിരമായി എത്തുകയും അവന് സമ്മാനം നൽകുകയും ചെയ്യും. മകൻ ജീവിതത്തിലേക്ക് പതുക്കെ വരാൻ പ്രധാന കാരണക്കാരിൽ ഒരാൾ വിജയ് ആണ്’’- നാസർ അഭിമുഖത്തിൽ വ്യക്തമാക്കി.