ചെന്നൈ : ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് പ്രത്യേക കൗണ്ടറുകൾ ക്രമീകരിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്.

പ്രായത്തിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കാൻ സാധിക്കുമോയെന്ന് ആരോഗ്യവിദഗ്ധരുമായി ആലോചിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.

ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകുന്ന കാര്യത്തിൽ നിർദേശം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. വാക്സിൻകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കുവേണ്ട സൗകര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നും വ്യക്തമാക്കി. തുടർന്നാണ് വാക്സിൻ വിതരണകേന്ദ്രങ്ങളിൽ പ്രത്യേകകൗണ്ടറുകൾ ക്രമീകരിക്കാൻ കോടതി ഉത്തരവിട്ടത്.