ചെന്നൈ : തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചതിനാൽ രാത്രിയിൽ ഓടുന്ന സംസ്ഥാന എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ രാവിലെ നാലര മുതൽ വൈകീട്ട് എട്ടുവരെ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ചെന്നൈയിൽനിന്ന് തെക്കൻജില്ലകളായ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗർ, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിലേക്ക് യാത്രചെയ്യാൻ 10 മുതൽ 12 മണിക്കൂർവരെ വേണം. തെക്കൻജില്ലകളിലേക്കുള്ള തീവണ്ടികൾ രാവിലെ നാലരയ്ക്ക് തന്നെ യാത്ര പുറപ്പെടും. മധുര, പുതുക്കോട്ട, രാമനാഥപുരം, കോയമ്പത്തൂർ, തേനി, ഈറോഡ്, തിരുപ്പൂർ ജില്ലകളിലേക്കുള്ള ബസുകളും രാത്രി പത്തിനുമുമ്പ് ലക്ഷ്യ സ്ഥാനത്തെത്താവുന്ന രീതിയിൽ ചെന്നൈയിൽനിന്ന് യാത്ര തിരിക്കും.

‘രാത്രിയാത്ര പകൽയാത്രയായി മാറുമ്പോൾ കുടുത്ത ചൂട് കാരണം സുഗമമായയാത്ര സാധ്യമാകുകയില്ലെന്ന് യാത്രക്കാർ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഭക്ഷണ ശാലകൾ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നും ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും യാത്രക്കാർ പറയുന്നു. പകൽ യാത്രയ്ക്കുപകരം രാത്രിയിൽ അനുമതി നൽകാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു.

സ്വകാര്യ ദീർഘദൂരബസുകൾ ഏത് സമയത്ത് സർവീസ് നടത്തണമെന്ന് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തില്ല. ചെന്നൈയിൽനിന്ന് 500 സ്വകാര്യബസുകളും നഗരത്തിന്റെ സമീപജില്ലകളിൽനിന്നായി 500 സ്വകാര്യബസുകളും രാത്രികാലങ്ങളിൽ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. സർവീസ് നിർത്തിയാൽ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നൂറുകണക്കിന് പേർ പട്ടിണിയിലാകുമെന്നും സ്വകാര്യബസുകളുടെ ഉടമകൾ കുറ്റപ്പെടുത്തി. ബസുകൾ ഓടിയാലും ഇല്ലെങ്കിലും വാഹന നികുതി കൃത്യമായി നൽകണം. രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയ തീരുമാനം സർക്കാർ പുനപരിശോധിക്കണം. കോവിഡ് വ്യാപന നിയന്ത്രണത്തിന് രാത്രി കർഫ്യു ഒരു പരിഹാരമല്ലെന്നും ഉടമകൾ പറഞ്ഞു.

സ്വകാര്യ ദീർഘദൂരബസുകൾക്കും സർക്കാർബസുകൾ ഓടിക്കുന്ന സമയത്ത് തന്നെ സർവീസ് നടത്താൻ അനുമതി നൽകുമെന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.