ചെന്നൈ : മയിലാടുതുറൈയിൽ കോവിഡ് ചികിത്സ തേടി മരിച്ചയാളുടെ ശവസംസ്കാരം നാട്ടുകാർ തടസ്സപ്പെടുത്തി. പ്രതിഷേധവുമായി റോഡുകൾ ഉപരോധിച്ചു.

മയിലാടുതുറൈ തിരുകുളമ്പിയത്ത് ശനിയാഴ്ചയാണ് സംഭവം. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിച്ചശേഷം ഞായറാഴ്ചയാണ് ശവസംസ്കാരം നടത്താനായത്. കുത്താലം താലൂക്കിലെ 63-കാരനാണ് മരിച്ചത്. ഈ മാസം ആറിന് കോവിഡ് സ്ഥിരീകരിച്ച ഇയാളെ മയിലാടുതുറൈ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കുശേഷം കോവിഡ് ഫലം നെഗറ്റീവായെങ്കിലും ശനിയാഴ്ച മരിച്ചു.

കോവിഡ് ചികിത്സ തേടിയതിനാൽ ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കാൻ ശനിയാഴ്ച രാത്രി ഗ്രാമത്തിൽ എത്തി.

പി.പി.ഇ. കിറ്റുകൾ ധരിച്ചവരെ കണ്ടപ്പോൾ ഗ്രാമവാസികൾ ഒത്തുകൂടി എതിർത്തു. ശവസംസ്കാരം നടത്തിയാൽ ഗ്രാമത്തിൽ കോവിഡ് വ്യാപനം കൂടുമെന്ന് പറഞ്ഞ് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

ഗ്രാമവാസികളെ സമാധാനിപ്പിക്കാനുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി.

ഒടുവിൽ ഞായറാഴ്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി ദീർഘനേരം സംസാരിച്ചതിനുശേഷം ഉച്ചയോടെ ശവസംസ്കാരം നടത്തുകയായിരുന്നു.