ചെന്നൈ : ചെന്നൈയിലെ സാംസ്കാരികസംഘടന ആശ്രയത്തിന്റെ സാമൂഹികമാധ്യമക്കൂട്ടായ്മ ‘നോളജ് ഈസ് പവർ’ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘അറിവും തെളിവും’ ഓൺലൈൻ പരിപാടിക്കു തുടക്കമായി.

പ്ലസ്ടുവിൽ പഠനം അവസാനിപ്പിച്ച് ജീവിത യാഥാർഥ്യങ്ങളോട് പൊരുതി ഉന്നതവിദ്യാഭ്യാസം നേടി റാഞ്ചി ഐ.ഐ.എമ്മിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടിയ കാഞ്ഞങ്ങാട് പാണത്തൂർ സ്വദേശി ഡോ. രഞ്ജിത്ത് രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ആയിരക്കണക്കിന് സമർഥരായ കുട്ടികളുണ്ടെന്നും അവർ ആകാശത്തോളം സ്വപ്‌നം കണ്ട് മുന്നേറണമെന്നും രഞ്ജിത് പറഞ്ഞു. ‘എന്റെ ജീവിതവിജയം സ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. ഗുരുക്കന്മാരുടെ കൈത്താങ്ങായിരുന്നു. എല്ലാം മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു’-ഡോ. രഞ്ജിത്ത് പറഞ്ഞു.

ഓൺലൈനായി നടത്തിയ ഉദ്ഘാടനച്ചടങ്ങിൽ 65 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പഠനയാത്രയിൽ പങ്കെടുക്കുന്ന കുട്ടികളായ പ്രജിൻ, പ്രജിഷ എന്നിവരുടെ വസതിയിൽ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. വൈഷ്ണവി പ്രാർഥന ആലപിച്ചു. പഠനക്ലാസിൽ ഹിമ കാര്യപരിപാടികൾ നിയന്ത്രിച്ചു. കല്യാണി സുരേഷ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. എം. നന്ദഗോവിന്ദ്, ശ്യാമള ജയപ്രകാശ്, അനു ചാക്കോ, പാർവതി, ബിന്ദു വേണുഗോപാൽ, മീര കൃഷ്ണൻകുട്ടി, ഷീബാ ഗോപി, ഇന്ദു വാസുദേവൻ തുടങ്ങിയവർ ആശംസ നേർന്നു. ആശ്രയം ഭാരവാഹികൾ നേതൃത്വം നൽകി. ‘അറിവും തെളിവും’ പ്രതിവാര ഓൺലൈൻ ക്ലാസുകൾ എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് നാലുമുതൽ അഞ്ചുവരെയാണ്.