ചെന്നൈ : അറിയപ്പെടുന്ന പ്രകൃതിസ്നേഹിയായ നടൻ വിവേകിന് അന്തിമോപചാരമായി മരത്തൈകൾനട്ട് ആരാധകർ. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ മരത്തൈകൾ നട്ട് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു. ഇവയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും

ചെയ്തു. വിരുഗമ്പാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ ഒട്ടേറെപ്പേർ മരത്തൈകളുമായാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. വിലാപയാത്രയിലും മരത്തൈകളുമായാണ് ആരാധകർ പങ്കെടുത്തത്. പ്രകൃതിസംരക്ഷണ പ്ലക്കാർഡുകളും കൈയിലേന്തിയിരുന്നു. ഹാസ്യത്തിനൊപ്പം തന്റെ സിനിമകളിലൂടെ ബോധവത്കരണ സന്ദേശങ്ങളും പ്രേക്ഷകരിലേക്കെത്തിച്ച വിവേകിന് വലിയ ആരാധകസമ്പത്തുണ്ട്. മരത്തൈകൾ നട്ടുപരിപാലിക്കുന്നവരെ, പ്രത്യേകിച്ച് വിദ്യാർഥികളെ താരം എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.

സമയം കിട്ടുമ്പോഴൊക്കെ മരത്തൈ നടീൽ പരിപാടികൾ സംഘടിപ്പിച്ചിരുന്ന അദ്ദേഹം അതിനായി പ്രത്യേകം സമയം നീക്കിവെക്കുകയും ചെയ്തിരുന്നു. മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇക്കാര്യത്തിന് വിവേകിനെ അഭിനന്ദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ ലക്ഷ്യവുമായി അദ്ദേഹമാരംഭിച്ച ഗ്രീൻ കലാം പദ്ധതിയുടെ ഭാഗമായി ഒട്ടേറെ യുവജനങ്ങൾ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോവാനാണ് ആരാധകരുടെ തീരുമാനം.