ചെന്നൈ : പ്രതിസന്ധിയിലായ പാർട്ടിയെ കരകയറ്റുമെന്ന് പ്രഖ്യാപിച്ച് അണികളെ ഒപ്പം നിർത്താൻ ശ്രമിക്കുന്ന ശശികലയ്ക്ക് എ.ഐ.എ.ഡി.എം.കെ.യിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. പാർട്ടി നേതൃത്വം, പ്രത്യേകിച്ചും എടപ്പാടി പളനിസ്വാമി നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം തിരിച്ചുവരവ് അസാധ്യമാണ്. അതിനാൽ ശക്തിപ്രകടനങ്ങളിലൂടെ പാർട്ടി നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്തുകയാണ് ശശികല സ്വീകരിച്ചിരിക്കുന്ന മാർഗം.

അനധികൃതസ്വത്ത് സമ്പാദന കേസിൽ ജയിൽമോചിതയായതിനുശേഷം ഫെബ്രുവരിയിൽ തിരിച്ചെത്തിയപ്പോൾ ശശികലയ്ക്ക് ലഭിച്ചത് വൻ സ്വീകരണമാണ്. തമിഴ്‌നാട് അതിർത്തിയിൽനിന്ന് ചെന്നൈ വരെയുള്ള യാത്രയ്ക്കിടെ നൂറിലേറെ സ്ഥലങ്ങളിലാണ് സ്വീകരണം ലഭിച്ചത്.

ഒാരോയിടങ്ങളിൽ മണിക്കൂറുകളോളമാണ് ശശികലയെ കാത്ത് അണികൾ നിന്നത്. ആറുമണിക്കൂർ കൊണ്ട് എത്തേണ്ട യാത്ര 24 മണിക്കൂറായി നീണ്ടത് സ്വീകരണത്തിന്റെ ആധിക്യം കാരണമായിരുന്നു. ഇത്തരത്തിൽ വലിയ ശക്തിപ്രകടനം നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയിൽ തിരിച്ചെത്താൻ സാധിച്ചില്ല.

തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നിയതോടെ രാഷ്ട്രീയം വിടുന്നതായും പ്രഖ്യാപിച്ചു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലെ എ.ഐ.എ.ഡി.എം.കെ.യുടെ പരാജയത്തോടെ വീണ്ടും ശശികല തലപൊക്കുകയായിരുന്നു.

സംസ്ഥാനത്ത് ഉടനീളമുള്ള ഒട്ടേറെ പ്രവർത്തകരുമായും പ്രാദേശിക നേതാക്കളുമായി ഫോണിൽ സംഭാഷണം നടത്തുകയും ഈ സംഭാഷണങ്ങൾ പുറത്തു വിടുകയുമായിരുന്നു. പാർട്ടിയെയും പ്രവർത്തകരെയും രക്ഷിക്കാൻ താൻ തിരിച്ചെത്തുമെന്നാണ് എല്ലാ സംഭാഷണങ്ങളിലും ശശികല പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും ദിനകരന്റെ പാർട്ടി അമ്മ മക്കൾ മുന്നേറ്റ കഴകം സജീവമായിരുന്നെങ്കിലും ശശികല ഇവർക്കായി പ്രചാരണത്തിന് ഇറങ്ങിയില്ല. എ.ഐ.എ.ഡി.എം.കെ.യെ ദുർബലമാക്കുന്ന ഒന്നിനും താൻ തയ്യാറല്ലെന്നാണ് ശശികലയുടെ നിലപാട്.

ഇപ്പോൾ സമാധി സന്ദർശിച്ചപ്പോഴും ദിനകരനെ ഒപ്പം കൂട്ടാൻ ശശികല തയ്യാറായില്ല. പകരം ഇളവരശിയുടെ മകൻ വിവേക് ജയരാമനൊപ്പമാണ് എത്തിയത്.

ദിനകരനോടുള്ള എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന്റെ എതിർപ്പ് തന്നെയും ബാധിക്കാതിരിക്കാനുള്ള ശശികലയുടെ ശ്രമമാണിതെന്നാണ് വിലയിരുത്തൽ.

ശശികലയ്ക്ക് അനുകൂലമായ പനീർശെൽവത്തിന്റെ നിലപാടുമാറ്റത്തിനു പിന്നിൽ ബി.ജെ.പി.യാണെന്നാണ് സൂചന. എന്നാൽ ശശികലയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ശക്തമായ നിലപാടെടുക്കാൻ പനീർശെൽവത്തിന് സാധിക്കുന്നില്ല. ശശികല കുടുംബത്തോട് പ്രതിഷേധിച്ച് പാർട്ടി പിളർത്തിയ പനീർശെൽവം ഇപ്പോൾ അവർക്ക് അനുകൂലമായി രംഗത്തുവരുന്നതിന് പരിമിതിയുണ്ട്.

അതിനാൽ പളനിസ്വാമി പക്ഷം വഴങ്ങാതെ ശശികലയുടെ തിരിച്ചുവരവ് സാധ്യമാകാത്ത സ്ഥിതിയാണിപ്പോൾ. ശശികലയ്ക്ക് പാർട്ടിയിൽ നൽകുന്ന സ്ഥാനം അടക്കമുള്ള വിഷയങ്ങളും തർക്കത്തിന് കാരണമാകും. ഇതും തിരിച്ചുവരവ് തടസ്സമാകുന്നു.

തിരിച്ചുവരവിന് കടമ്പകളേറെ