ചെന്നൈ : അയൽസംസ്ഥാനമായ കേരളത്തിൽ കോവിഡ് ബാധിതർ കുറയാത്തതിനാൽ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ. മധുര രാജാജി ഗവ. ആശുപത്രിയിൽ പുതിയ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കണ്ടെത്തിയ കോവിഡ് ഉപ വകഭേദത്തെത്തുടർന്നാണ് വ്യാപനം ഇപ്പോഴും തുടരുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് വന്നിട്ടില്ല. തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. എങ്കിലും ഉത്സവ കാലമായതിനാൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. തമിഴ്‌നാട്ടിൽ ഇതുവരെയുള്ള പരിശോധനയിൽ 44 പേർക്ക് മാത്രമാണ് ഡെൽറ്റാ പ്ലസ് വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. കൊറോണ വൈറസിന്റെ ഉപവകഭേദം തമിഴ്‌നാട്ടിൽ കണ്ടെത്തിയിട്ടില്ല..

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. ചെന്നൈയിലും കോയമ്പത്തൂരിലും മാത്രമാണ് നൂറിന് മുകളിൽ പേർക്ക് കോവിഡ് ബാധിക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത വർധിക്കാമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു. മാർക്കറ്റുകളിലും ആരാധനാലയങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ ഒരേ സ്ഥലത്ത് കൂട്ടത്തോടെ വരുന്നത് രോഗ വ്യാപനത്തിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.